X

ബ്രേക്ക് ഇടാന്‍ മറന്നു; എന്‍ജിനില്ലാതെ ട്രെയിന്‍ യാത്രക്കാരുമായി ഓടിയത് 10 കിലോമീറ്റര്‍, വീഡിയോ വൈറല്‍

ബ്രേക്ക് ഇടാന്‍ മറന്നതിനെത്തുടര്‍ന്ന് എഞ്ചിനില്ലാതെ ട്രെയിന്‍ യാത്രക്കാരുമായി ഓടിയത് പത്ത് കിലോമീറ്റര്‍ ദൂരം.

ഇന്നലെ രാത്രി പത്തു മണിയോടെ ഒഡീഷയിലെ തിത്‌ലഗര്‍ റെയില്‍വെ സ്‌റ്റേഷനിലാണ് യാത്രക്കാരെയും ജീവനക്കാരെയും നടുക്കിയ സംഭവം.

അഹമ്മദാബാദ്-പൂരി എക്‌സ്പ്രസ് ട്രെയിനാണ് അപകടകരമായി നീങ്ങിയത്. സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ എഞ്ചിനും കോച്ചുകളുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

എന്നാല്‍ കോച്ചുകളിലെ സ്‌കിഡ് ബ്രേക്കുകള്‍ പ്രയോഗിക്കാന്‍ മറന്നുപോയതാണ് ട്രെയിന്‍ എഞ്ചിനില്ലാതെ ഓടാന്‍ കാരണമായത്.

അസാധാരണമായി ട്രെയിന്‍ നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വെ ജീവനക്കാര്‍ ട്രാക്കുകളില്‍ കല്ലുകള്‍ വെച്ച് തടയാന്‍ ശ്രമിച്ചെങ്കിലും 10 കിലോമീറ്ററോളം ചെന്ന ശേഷമാണ് ട്രെയിന്‍ നിന്നത്. തുടര്‍ന്ന് മറ്റൊരു എഞ്ചിന്‍ അയച്ചാണ് ട്രെയിന്‍ സ്‌റ്റേഷനിലെത്തിച്ചത്.
യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.

മറ്റൊരു ട്രെയിനില്‍ ഘടിപ്പിക്കാനായി എഞ്ചിന്‍ മാറ്റിയപ്പോഴാണ് ട്രെയിന്‍ കേസിങ്ക ഭാഗത്തേക്ക് നീങ്ങിയത്. ഈ ഭാഗത്തേക്കുള്ള ട്രാക്കുകള്‍ ചെരിഞ്ഞതാണെന്നും വന്‍ ദുരന്തമാണ് ഒഴിവായതെന്നും കിഴക്കന്‍ റെയില്‍വെ വക്താവ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റെയില്‍വെ ജീവനക്കാരെ സസ്‌പെന്റു ചെയ്തു. കൂടാതെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

Watch Video:

chandrika: