X

തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നടപടി വേണം- മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍

തിരൂര്‍: ഏലത്തൂരില്‍ വെച്ച് ഓടുന്ന തീവണ്ടിക്കകത്ത് യാത്രക്കാര്‍ക്ക് നേരെയുണ്ടായ തീവെപ്പിലും മൂന്ന് യാത്രക്കാരുടെ ദാരുണ മരണത്തിലും മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി. സമീപ കാലത്ത് തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ട പല സംഭവങ്ങളും നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ താല്‍ക്കാലികമായ നടപടികള്‍ മാത്രമാണ് സ്വീകരിക്കുന്നത്.

ടിക്കറ്റില്ലാത്ത യാത്രക്കാരും യാചകരായി എത്തുന്നവരും നിയമ വിരുദ്ധമായി തീവണ്ടിക്കകത്ത് കച്ചവടം നടത്തുന്നവരും വര്‍ദ്ധിച്ചു വന്നിട്ടും ഇവരെ നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നതായി യാത്രക്കാര്‍ക്ക് അനുഭവമില്ല.

ആവശ്യത്തിന് ടിക്കറ്റ് പരിശോധകരോ പോലീസോ ഇല്ലാത്തത് ഇക്കൂട്ടര്‍ മുതലെടുക്കുകയാണ്.
റെയില്‍വേ എല്ലാവിഭാഗം ജീവനക്കാരുടെയും എണ്ണം കുറക്കുന്നതും മൂലം അനധികൃത കച്ചവടക്കാരും ടിക്കറ്റില്ലാ യാത്രക്കാരും ഭിക്ഷാടന മാഫിയയും തീവണ്ടിയിലും പ്ലാറ്റ്‌ഫോമിലും പിടിമുറുക്കിയിരിക്കുകയാണ്. ഇപ്പോള്‍ നടന്ന അക്രമവും ജീവഹാനിയും അപകടങ്ങളും റെയില്‍വേ അധികൃതര്‍ ഗൗരവമായി കാണണമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അക്രമിയെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. റസ്സാഖ് ഹാജി തിരൂര്‍, സെക്രട്ടറി എം ഫിറോസ് കാപ്പാട്, ട്രഷറര്‍ പി പി അബ്ദുല്‍ റഹ്മാന്‍ വള്ളിക്കുന്ന്, സുദര്‍ശന്‍ കോഴിക്കോട്, പി പി രാമനാഥന്‍, കെ അഷ്‌റഫ് അരിയല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു

webdesk14: