X

തിങ്ങിനിറഞ്ഞോടുന്ന ട്രെയിനുകളിൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമോ; നിലമ്പൂർ പാതയിൽ ഭിക്ഷാടന സംഘങ്ങളും

ആലപ്പുഴ – കണ്ണൂർ എക്സ്പ്രസിൽ നടന്ന ദാരുണസംഭവം യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ചോദ്യചിഹ്നം കൂടിയാണ്. തിങ്ങിനിറഞ്ഞോടുന്ന ട്രെയിനുകളിൽ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന സംഭവങ്ങളാണിത്.

അടുത്തിരിക്കുന്നവർ ആരെന്നോ എവിടെനിന്നു വരുന്നെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ റെയിൽവേക്കു പോലും അറിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ആർപിഎഫിന്റെ സേവനം പോലും മിക്ക ട്രെയിനുകളിലും ഇപ്പോഴും ലഭ്യമല്ല. രാത്രിയിലും സേനയുടെ സേവനം ലഭിക്കാത്ത സ്ഥിതിയുണ്ട്. പലപ്പോഴും സ്ത്രീകൾ അടക്കമുള്ളവർ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്.

ഇന്നലെ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നടന്ന സംഭവം റിസർവേഷൻ കോച്ചായ ഡി 1–ൽ ആയിരുന്നു. ഇത്തരം കോച്ചുകളിൽ റിസർവ് ചെയ്തു പോകുന്നവർ പ്രതീക്ഷിക്കുന്നത് സീറ്റ് മാത്രമല്ല, ആർപിഎഫ്, ടിടിഇ എന്നിവരുടെ സേവനങ്ങളും കൂടിയാണ്. എന്നാൽ ഇതൊന്നും മിക്കവാറും ലഭിക്കാറില്ല. സിസിടിവി ക്യാമറകൾ ഇല്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം.

പുതിയ ചില മെമു ട്രെയിനുകളിലും ചില എൽഎച്ച്ബി കോച്ചുകളിലും മാത്രമാണിപ്പോൾ സിസിടിവി ഉള്ളത്. ഇത് എല്ലാ കോച്ചുകളിലും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ലഹരിക്കടത്തും മോഷണവും ഭിക്ഷാടന സംഘത്തിന്റെ ശല്യവും അടിപിടികളുമെല്ലാം ക്യാമറകൾ സ്ഥാപിച്ചാൽ കാര്യമായി കുറയ്ക്കാൻ കഴിയും.

സ്റ്റേഷനുകളിൽനിന്ന് കയറുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനവും ഉറപ്പുവരുത്തേണ്ടതുണ്ട്. സ്റ്റേഷനുകളിലും ആർപിഎഫും സിസിടിവി ക്യാമറയും കുറവാണ്. തിരുവനന്തപുരം–മംഗളൂരു പാതയിൽ ജില്ലയിൽ തിരൂരിൽ മാത്രമാണ് ആർപിഎഫിന്റെ ഔട്പോസ്റ്റുള്ളത്. മറ്റു സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകളും കുറവാണ്.

നിലമ്പൂർ പാതയിൽ ഭിക്ഷാടന സംഘങ്ങളും;

ഷൊർണൂർ–നിലമ്പൂർ പാതയിൽ ജില്ലയിലെ വലിയ സ്റ്റേഷനുകളിൽ കാര്യങ്ങൾ ഭേദമാണ്. നിലമ്പൂരിൽ അഗ്നിരക്ഷാ സംവിധാനവും ആർപിഎഫ് സ്റ്റേഷനുമുണ്ട്. എന്നാൽ, ഈ പാതയിൽ നിലമ്പൂരും അങ്ങാടിപ്പുറവും വാണിയമ്പലവും ഒഴികെ ചെറുകിട സ്റ്റേഷനുകൾ സുരക്ഷയുടെ കാര്യത്തിൽ പിന്നിലാണ്. നിലമ്പൂർ പാതയിലെ ട്രെയിനുകളിൽ ഭിക്ഷാടന സംഘങ്ങൾ ഉൾപ്പെടെ അനധികൃത യാത്രക്കാർ സുരക്ഷാ വെല്ലുവിളിയാണ്. ഇതിനെതിരെ പലതവണ പരാതിയുയർന്നെങ്കിലും പൂർണമായി പരിഹരിക്കാനായില്ല.

രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽനിന്ന് മാനസിക വിഭ്രാന്തിയുള്ളവർ, വീടുകളിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവർ ട്രെയിൻ മാർഗം ഷൊർണൂരിലെത്താറുണ്ട്. ഇവരിൽ ചിലർ അവിടെ നിന്ന് ട്രെയിൻ മാറിക്കയറും. നിലമ്പൂർ ടെർമിനൽ സ്റ്റേഷനായതിനാൽ അവിടെ ഇറങ്ങാൻ നിർബന്ധിതരാകും. ഇവർ സ്‌റ്റേഷനിലും പരിസരത്തും അലഞ്ഞുതിരിയുന്നത് പതിവുകാഴ്ചയാണ്.

webdesk14: