X

കോഴിക്കോട് -വയനാട് റൂട്ടിലെ ചുരത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കൂറ്റന്‍ ട്രെയിലര്‍ ലോറികള്‍ ചുരം കയറി

മൂന്നുമാസത്തിലധികമായി കോഴിക്കോട് -വയനാട് റൂട്ടിലെ ചുരത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കൂറ്റന്‍ ട്രെയിലര്‍ ലോറികള്‍ ചുരം കയറി. ഇന്നലെ രാത്രി മറ്റുവാഹനഗതഗാതം നിരോധിച്ചതിനെതുടര്‍ന്നാണിത്. മൂന്നുമണിക്കൂറും 20 മിനിറ്റും എടുത്താണ് ഇരുലോറികളെയും കടത്തിവിട്ടത്. രാത്രി 10.56ന് പുറപ്പെട്ട് രാത്രി രണ്ടുമണിയോടെയാണ് 9 വളവും കയറിയത്. ഇതുവരെ ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചിരുന്നു.കോടതിയുടെ ഇടപെടലിനെതുടര്‍ന്നാണ ്‌ലോറികള്‍ക്ക് യാത്ര തുടരാനായത്.
കര്‍ണാടക നഞ്ചന്‍കോട്ടെ നെസ്ലെ കമ്പനിയുടെ പ്ലാന്റിലേക്ക് കൊറിയര്‍ കമ്പനി കൊണ്ടുപോകുന്ന ഇറക്കുമതി ചെയ്ത യന്ത്രങ്ങളാണിവ. സെപ്തംബര്‍ പത്തിനാണ് ചുരത്തിന് താഴെ അടിവാരത്ത് ഇവയെത്തിയത്. ഗതാഗതതടസ്സമുണ്ടാകുമെന്നതിനാല്‍ ജില്ലാ ഭരണകൂടം യാത്ര നിരോധിക്കുകയായിരുന്നു. വാളയാര്‍ വഴി പോകുന്നത് യാത്ര ദീര്‍ഘമാക്കുമെന്നതുകാരണമാണ് ഇതുവഴി വന്നത്. ഇന്ന് രാവിലെ അഞ്ചുമണിക്ക് ശേഷം ഗതാഗതം സാധാരണപോലെ തുടരാനായി.
ലോറികളിലൊന്നിന് 17 മീറ്ററും മറ്റേതിന് 14.6 മീറ്ററുമാണ് നീളം. വീതി യഥാക്രമം 5.2 മ ീറ്ററും 5.8 മീറ്ററും.
യാത്രക്ക് സുരക്ഷയൊരുക്കാനായി പൊലീസ് ,അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, ആംബുലന്‍സുകള്‍ എന്നിവ എത്തിയിരുന്നു.

Chandrika Web: