X

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള സമയപരിധി നാളെ അവസാനിക്കും

യു.എ റസാഖ്

തിരൂരങ്ങാടി: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഇത് വരെ 11009 പേരാണ് വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള സമയപരിധി നാളെത്തോടെ അവസാനിക്കും. പേര് ചേര്‍ക്കല്‍ പ്രക്രിയ തടസ്സങ്ങളില്ലാതെ നടക്കുമെങ്കിലും ആഗസ്ത് പത്തിന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ മാത്രമെ സംപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയൊള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ പറയുന്നത്.

2018 ജനുവരി മുതല്‍ ഇത് വരെ ജില്ലയില്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്കായി 19513 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ പുതിയതായി ചേര്‍ക്കാന്‍ 11009 പേരും, പ്രവാസി വോട്ടിനായി 31 പേരും, തെറ്റ് തിരുത്താന്‍ 7913 പേരും മറ്റൊരിടത്തേക്ക് മാറുന്നതിനായി 560 പേരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ 18983 പേരെ ഇപ്പോഴത്തെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് ബി.എല്‍.ഒമാര്‍ നിര്‍ദ്ധേശിച്ചിട്ടുണ്ട്. മരണപ്പെട്ടവരും, വിവാഹം കഴിഞ്ഞവരും നാട്ടില്‍ താമസമില്ലാത്തവരുമായവരുടെ വോട്ടുകളാണ് നീക്കം ചെയ്യാന്‍ ബി.എല്‍.ഒമാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ 617 പേരാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഈ മണ്ഡലത്തില്‍ 761 പേരുടെ വോട്ട് നീക്കം ചെയ്യാന്‍ ബി.എല്‍.ഒമാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏറനാട് മണ്ഡലത്തില്‍ 546 പുതിയ അപേക്ഷരും 1193 പേര്‍ നീക്കം ചെയ്യാനുള്ളവരുമാണ്. നിലമ്പൂരില്‍ 800 പുതിയ അപേക്ഷകരും 2013 പേരെ നീക്കം ചെയ്യാനുള്ളവരും, വണ്ടൂരില്‍ 892 പുതിയ അപേക്ഷകരും 173 പേരെ ഒഴിവാക്കാനുള്ളവരുമാണ്.

മഞ്ചേരിയില്‍ 540 പുതിയ അപേക്ഷകരും 1426 പേരെ ഒഴിവാക്കാനുള്ളതുമാണ്. പെരിന്തല്‍മണ്ണയില്‍ 679 പുതിയ അപേക്ഷകരും 303 ഒഴിവാക്കാനുള്ളതും, മങ്കടയില്‍ 661 പുതിയതും 419 ഒഴിവാക്കാനുള്ളതും, മലപ്പുറത്ത് 595 പുതിയതും 1135 ഒഴിവാക്കാനുള്ളതും വേങ്ങരയില്‍ 792 പുതിയതും 1168 ഒഴിവാക്കാനുള്ളതും, വള്ളിക്കുന്നില്‍ 780 പുതിയതും 684 ഒഴിവാക്കാനുള്ളതുമാണ്. തിരൂരങ്ങാടിയില്‍ 643 പുതിയ അപേക്ഷകരില്‍ 612 പേരെ ഇപ്പോഴുള്ള വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് ശുപാര്‍ശയുണ്ട്. താനൂരില്‍ 823 അപേക്ഷകരില്‍ 2065 പേരെ ഒഴിവാക്കുന്നതിനും തിരൂരില്‍ 706 അപേക്ഷകരും 2706 പേരെ നീക്കം ചെയ്യുന്നതിനും കോട്ടക്കലില്‍ 556 പുതിയ അപേക്ഷകരും 2370 പേരെ നീക്കം ചെയ്യുന്നതിനും തവനൂരില്‍ 583 പുതിയ അപേക്ഷരും 1770 പെരെ നീക്കം ചെയ്യുന്നതിനും പൊന്നാനിയില്‍ 796 പുതിയ അപേക്ഷകരും 1985 പേരെ നീക്കം ചെയ്യുന്നതിനുമാണ് നിര്‍ദ്ധേശിച്ചിട്ടുള്ളത്.

പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരില്‍ അതികം പേരുടെയും അപേക്ഷ നിരസിച്ച അവസ്ഥയിലാണുള്ളത്. കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും വയസ്സും വിലാസവും ബന്ധവും വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തവയുമായ ആയിരത്തോളം അപേക്ഷകളാണ് നിരസിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോഴുള്ള വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ബി.എല്‍.ഒമാര്‍ ശുപാര്‍ശ ചെയ്ത മുഴുവന്‍ പേരെയും കരട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇവര്‍ക്ക് അപ്പീല്‍ നല്‍കാനും മറ്റും സെപ്തംബര്‍ ഒന്ന് മുതല്‍ നവംബര്‍ 31 സമയമുണ്ടാകും. ഈ കാലയളവില്‍ 2019-ലേക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു. ജനുവരി നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

chandrika: