X
    Categories: indiaNews

ടെലികോം ഭേദഗതി ബില്ലിന്റെ കരടില്‍ ആശങ്ക പ്രകടിപ്പിച്ച് ട്രായ്‌

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ടെലികോം നിയമ ഭേദഗതി ബില്ലിന്റെ കരടില്‍ ആശങ്ക പ്രകടിപ്പിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ക്ക് കൈമറിയ കരട് ബില്ലിലെ ചില വ്യവസ്ഥകള്‍ തങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്നാണ് ട്രായ് ഉന്നയിച്ച പരാതി.

ഇതുസംബന്ധിച്ച ആക്ഷേപങ്ങള്‍ റഗുലേറ്ററി അതോറിറ്റി രേഖാമൂലം ടെലികോം മന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം. അതേസമയം നിര്‍ദിഷ്ട ബില്ലില്‍ ആശങ്ക വേണ്ടെന്നും ട്രായിയുടെ അധികാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു നിയമ നിര്‍മ്മാണം പിന്നാലെ വരുന്നുണ്ടെന്നുമാണ് ടെലികോം മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. റഗുലേറ്ററി അതോറിറ്റിയും ടെലികോം മന്ത്രാലയവും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
റഗുലേറ്ററി അതോറിറ്റിയും മന്ത്രാലയവും തമ്മില്‍ അഭിപ്രായ ഭിന്നതയില്ല. ടെലികോം രംഗത്തെ ക്രമക്കേടുകള്‍ തടയുന്നതിന് റഗുലേറ്ററി അതോറിറ്റിയെ ശക്തിപ്പെടുത്തണമെന്ന കാര്യത്തില്‍ മന്ത്രാലയത്തിനും അനുകൂല സമീപനമാണുള്ളത്. ഇതിനായി യു.എസ് മാതൃകയില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള നിയമ ഭേദഗതി ടെലികോം മേഖലയുമായി ബന്ധപ്പെട്ട സ്പാമ്മേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും വ്യക്തികളെ തട്ടിപ്പുകള്‍ക്ക് ഇരയാക്കുന്നതിന് തടയുന്നതിനുമുള്ളതാണ്- മന്ത്രാലയം വിശദീകരിച്ചു. ഇതിനിടെ ഒ.ടി.ടികളെക്കൂടി ടെലികോം ലൈസന്‍സിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ടെലികോം കമ്പനികള്‍ ശക്തമായി രംഗത്തുണ്ട്.വാട്‌സ്ആപ്, ട്വിറ്റര്‍, ഫേസ്ബുക്ക്, സിഗ്നല്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മാതൃകയില്‍ ഓണ്‍ലൈന്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഒ.ടി.ടിക്കും പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. എന്നാല്‍ ടെലികോം മന്ത്രാലയം ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Test User: