X

വയനാട്ടിലേത് ദാരുണമായ ദുരന്തം; അനുശോചനം അറിയിച്ച് റഷ്യയും ചൈനയും; എല്ലാവിധ പിന്തുണയും നല്‍കുമെന്നും രാജ്യങ്ങള്‍

 വയനാട്ടില്‍ കനത്ത നാശം വിതച്ച ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യയും ചൈനയും തുര്‍ക്കിയും അമേരിക്കയും.
കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.
‘കേരളത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ ദാരുണമാണ്. ദുരന്തത്തില്‍ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളോടും പ്രിയപ്പെട്ടവരോടുമുള്ള എല്ലാവിധ പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റ എല്ലാവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,’ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സന്ദേശത്തില്‍ പറഞ്ഞു.
സംഭവത്തില്‍ ചൈനയും അഗാധമായ അനുശോചനം അറിയിച്ചു. ‘ഇന്ത്യയിലെ സംസ്ഥാനമായ കേരളത്തില്‍ വലിയ ഉരുള്‍പൊട്ടല്‍ നടന്നതായുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ അറിഞ്ഞു. ദുരന്തത്തിലുണ്ടായ മരണത്തില്‍ ഞങ്ങള്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവരോടുമുള്ള ദു:ഖവും പിന്തുണയും അറിയിക്കുകയാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.
കൂടാതെ, തുര്‍ക്കി വിദേശകാര്യ മന്ത്രാലയവും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. ‘മണ്ണിടിച്ചിലില്‍ 250 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ട്,’ തുര്‍ക്കി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള അനുശോചന സന്ദേശത്തില്‍, ഈ ദുരന്തം മൂലം വ്യാപകമായ നഷ്ടമാണ് ഉണ്ടായതെന്ന് മനസിലാക്കുന്നെന്നും നിരവധി പേര്‍ക്ക് ജീവനും ഉപജീവനമാര്‍ഗ്ഗവും നഷ്ടപ്പെട്ടതായി അറിഞ്ഞെന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ദുരന്തമാണ് നടന്നതെന്ന് മനസിലാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടിലില്‍ അഗാധമായ ദു:ഖമുണ്ടെന്നും മാലിദ്വീപ് പ്രസിഡന്റ് പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ അമേരിക്കയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ‘കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു,’ എന്നായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ എഴുതിയത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ ഇറാന്‍ എംബസിയും അനുശോചനം അറിയിച്ചു. യു.എന്നും വിഷയത്തില്‍ ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്.

webdesk13: