X

ദുരന്തം-നമ്പര്‍ 2 പരമ്പര ദക്ഷിണാഫ്രിക്കക്ക്

 

പ്രിട്ടോറിയ: കഷ്ടം…… അല്ലാതെ എന്ത് പറയാന്‍… നാട്ടില്‍ പുപ്പുലികള്‍-വിദേശത്ത് പൂച്ചകളും. വിരാത് കോലിയുടെ സൈന്യത്തെക്കുറിച്ച് എന്തെല്ലാമായിരുന്നു വിശേഷണങ്ങള്‍. ആനയാണ്, കുതിരയാണ്, പുലിയാണ്, സിംഹമാണ് തുടങ്ങി മധുര മനോഹര പദങ്ങള്‍. ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നതിന് തൊട്ട് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു-യഥാര്‍ത്ഥ സന്തുലിത ഇന്ത്യന്‍ സംഘം. പക്ഷേ ആ സന്തുലിതര്‍ ഇതാ രണ്ടാം ടെസ്റ്റിലും നാണം കെട്ട തോല്‍വി സ്വന്തമാക്കിയിരിക്കുന്നു-അത് വഴി പരമ്പരയും അടിയറ വെച്ചു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം തന്നെ ഇന്ത്യന്‍ ഗ്യാസ് ചോര്‍ന്നിരുന്നെങ്കിലും ഇന്നലെ ക്രിക്കറ്റ് പ്രേമികള്‍ വെറുതെ മോഹിച്ചു-ഒരല്‍ഭുതത്തിന്. പക്ഷേ അതിനൊന്നും താല്‍പ്പര്യമില്ലെന്ന് നമ്മുടെ താരങ്ങള്‍ തന്നെ വിളിച്ചറിയിച്ചു. ലഞ്ചിന് മുമ്പ് തന്നെ 151 ല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് പൂര്‍ണമായി-തോല്‍വി 135 റണ്‍സിന്. കന്നി ടെസ്റ്റ് കളിക്കുന്ന ലുംഗി എന്‍ഗിഡിക്ക് മുന്നില്‍ ആറ് ഇന്ത്യക്കാരാണ് തല വെച്ചത്. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഫിലാന്‍ഡര്‍ക്കാണ് ആറ് ഇന്ത്യക്കാര്‍ വിക്കറ്റ് സമ്മാനിച്ചതെങ്കില്‍ ഇവിടെ ആളൊന്ന് മാറിയെന്ന് മാത്രം. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയില്‍ വന്‍പരാജയം തുറിച്ചു നോക്കീയ ടീമിനെ അല്‍പ്പമെങ്കിലും രക്ഷിച്ചത് രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും എട്ടാം വിക്കറ്റില്‍ സ്വന്തമാക്കിയ 87 റണ്‍സാണ്.
സ്‌ക്കോര്‍: ദക്ഷിണാഫ്രിക്ക 335, 258. ഇന്ത്യ 307,151.
287 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് മുന്‍നിരക്കാരില്‍ മൂന്ന് പേരെ നേരത്തെ നഷ്ടമായതിനാല്‍ പ്രതീക്ഷകളില്ലായിരുന്നു. പൂജാരയും പാര്‍ത്ഥീവും പ്രതിരോധത്തിലാണ് തുടങ്ങിയത്. പക്ഷേ ഇല്ലാത്ത റണ്ണിനായി പൂജാര നടത്തിയ ശ്രമം ദുരന്തമായതോടെ മടക്കയാത്ര തുടങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ നിന്നും വിത്യസ്തമായി മനോഹരമായി ബാറ്റ് ചെയ്ത പാര്‍ത്ഥീവ് റബാദയുടെ പന്തില്‍ മോര്‍ണി മോര്‍ക്കലിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. നിരുത്തരവാദ ബാറ്റിംഗിന്റെ വിലാസമായി രണ്ടാം ഇന്നിംഗ്‌സിലും ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് തുലച്ചു. വാലറ്റത്തില്‍ അല്‍പ്പം ബാറ്റിംഗ് വിലാസമുള്ള അശ്വിനും മടങ്ങിയതോടെ രോഹിതിന് കൂട്ടിന് ആളില്ലാതായി. ആ ഘട്ടത്തില്‍ സ്‌ക്കോര്‍ 87 റണ്‍സ് മാത്രമായിരുന്നു. മുഹമ്മദ് ഷമിയും രോഹിതും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 564 റണ്‍സ് സ്‌ക്കോര്‍ 100 കടത്തി. ഈ സഖ്യം രോഹിതിന്റെ പുറത്താവലില്‍ തകര്‍ന്നു. പിന്നെയെല്ലാം ചടങ്ങായി, എന്‍ഗിഡിയാണ് കളിയിലെ കേമന്‍. മൂന്നാം ടെസ്റ്റ് 24 ന് ജോഹന്നാസ്ബര്‍ഗ്ഗില്‍ ആരംഭിക്കും.

chandrika: