X
    Categories: MoreViews

ഇരട്ടദുരന്തത്തില്‍ നടുങ്ങി ഫിലിപ്പീന്‍സ്; ചുഴലിക്കാറ്റില്‍ മരണം 200: തീപിടിത്തം 37 മരണം

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിലും മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 ആയി. 144 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. മിന്‍ഡനാവോ ദ്വീപില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ടെമ്പിന്‍ ചുഴലിക്കാറ്റിലും കനത്ത മഴയിലും ഒരു മലയോരഗ്രാമം പൂര്‍ണമായും തകര്‍ന്നു. നാല്‍പതിനായിരത്തിലേറെ പേരെ പുനരവധിവാസ ക്യാമ്പുകളിലേക്ക് മാറ്റി. എഴുതിപതിനായിരത്തിലേറെ പേര്‍ ചുഴലിക്കാറ്റില്‍ കെടുതി അനുഭവിക്കുന്നുണ്ടെന്ന് റെഡ്‌ക്രോസും റെഡ്ക്രസന്റ് സൊസൈറ്റീസും പറയുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ പലതും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. മിന്‍ഡനാവോയുടെ വടക്കന്‍ മേഖലയില്‍ മാത്രം 135 പേര്‍ മരിക്കുകയും 72 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മലയോര ഗ്രാമമായ ഡലാമ ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ ഒന്നും അവശേഷിക്കുന്നില്ല. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കരകവിഞ്ഞൊഴുകിയ നദിയില്‍നിന്ന് ഇന്നലെ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചു. മരണം ഇനിയും ഉയര്‍ന്നേക്കും.

അതേ സമയം ഫിലിപ്പീന്‍സിലെ ദെബൗ നഗരത്തില്‍ ഷോപ്പിങ് മാളിലുണ്ടായ തിപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. ഒരു അമേരിക്കന്‍ കമ്പനിയുടെ കോള്‍ സെന്റര്‍ ജീവനക്കാരും മരിച്ചവരില്‍ പെടും. മാളിന്റെ നാലാം നിലയില്‍നിന്നാണ് തീപടര്‍ന്നത്.

മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്ററില്‍ കുടുങ്ങിയവരാണ് ഏറെയും മരിച്ചത്. കെട്ടിടത്തില്‍ കുടുങ്ങിയവരില്‍ ആരും രക്ഷിപ്പെട്ടിട്ടില്ലെന്നാണ് വിവരം. തടി ഉല്‍പന്നങ്ങളും തുണിയും വില്‍ക്കുന്ന സ്ഥലത്തുനിന്ന് പടര്‍ന്നുപിടിച്ച തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അമേരിക്കന്‍ ബഹുരാഷ്ട്ര മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി എസ്എസ്‌ഐയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പൂര്‍ണമായും കത്തിനശിച്ചു.

കുറഞ്ഞ വേതനവും ശക്തമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും കാരണം അന്താരാഷ്ട്ര കമ്പനികളെല്ലാം കസ്റ്റമര്‍ കോള്‍ സെന്ററുകള്‍ ഏറെയും സ്ഥാപിക്കുന്നത് ഫിലിപ്പീന്‍സിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വെന്റിലേഷന്‍ സൗകര്യമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
തെക്കന്‍ ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ നഗരമാണ് ദെബൗ. ഇരുപത് വര്‍ഷത്തോളം പ്രസിഡന്റ് ഡ്യുടര്‍ട്ടെയായിരുന്നു ദെബൗ മേയര്‍. അദ്ദേഹത്തിനുശേഷം മകളാണ് നഗരത്തിന്റെ മേയര്‍. മകന്‍ വൈസ് മേയറുമാണ്.

chandrika: