X

ട്രാഫിക് പിഴയില്‍ നിന്നും ഒഴിവാകണോ? വീഡിയോ തയാറാക്കി അയക്കൂ

 

റാസല്‍ഖൈമ: ചെറിയ ട്രാഫിക് പിഴയില്‍ നിന്നും ഒഴിവാകണോ? എങ്കില്‍ റോഡ് സുരക്ഷയെ കുറിച്ച് ചെറിയ വീഡിയോ തയാറാക്കി പൊലീസിന് അയക്കൂ. അപ്പോള്‍ ട്രാഫിക് പിഴയില്‍ നിന്നും ഒഴിവാക്കും.
റാക് പൊലീസാണ് അപൂര്‍വമായ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. റോഡ് സുരക്ഷയെ കുറിച്ച് പുതിയ കാമ്പയിന്റെ ഭാഗമായാണ് മേഖലയില്‍ ഇത്തരമൊരു പുത്തനാശയം റാക് പൊലീസ് മുന്നോട്ടു വെച്ചിട്ടുള്ളത്. ഡ്രൈവര്‍മാര്‍ക്ക് റോഡ് നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും പുതിയ ആശയമെന്ന് റാസല്‍ഖൈമ പൊലീസ് കമാന്റര്‍-ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍നുഐമി പറഞ്ഞു.
ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ഫൈന്‍ അറിയിപ്പ് ലഭിച്ചാലുടന്‍ റോഡ് സുരക്ഷ പ്രതിപാദിക്കുന്ന ചെറിയ വീഡിയോ തയാറാക്കി ട്രാഫിക് പൊലീസിന് അയച്ചു കൊടുക്കുക. കൂടാതെ, സോഷ്യല്‍ മീഡിയയിലെ അഞ്ച് സുഹൃത്തുക്കള്‍ക്കും ഈ വീഡിയോ അയക്കണം. ട്രാഫിക് സുരക്ഷയെ കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 056 5245809 എന്ന ട്രാഫിക് പൊലീസ് വാട്‌സാപ്പ് നമ്പറിലേക്കാണ് വീഡിയോ അയക്കേണ്ടത്. വീഡിയോ എത്തിയാലുടന്‍ ബന്ധപ്പെട്ട ആളുടെ ട്രാഫിക് പിഴ ഒഴിവാക്കും. ചെറിയ പിഴകള്‍ക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂ. ഫൈന്‍ അറിയിപ്പ് കിട്ടി 10 ദിവസത്തിനകം വീഡിയോ പോസ്റ്റ് ചെയ്യണം. ഏറ്റവും നല്ല വീഡിയോ അയച്ച വ്യക്തിയെ പൊലീസ് ആദരിക്കും. ‘സ്‌മൈല്‍ ആന്റ് ഡിസൈഡ്’ എന്നാണ് കാമ്പയിന്റെ പേര്‍. റാക് പൊലീസിലെ ഫസ്റ്റ് സാര്‍ജന്റ് സമീര്‍ അബ്ദുല്ല അല്‍ ഹബാബിയാണ് ഈ ആശയം സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ, സീറ്റ് ബെല്‍റ്റ് ബോധവത്കരണവുമായി ‘സ്‌മൈല്‍ ആന്റ് ബക്ക്ള്‍ അപ്’ എന്ന കാമ്പയിന്‍ വിജയകരമായി നടത്തിയിരുന്നു.

chandrika: