ന്യൂഡല്‍ഹി: പുതിയ ട്രാഫിക് നിയമ വ്യവസ്ഥയിലെ ഭീമമായ പിഴ വ്യവസ്ഥക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ രംഗത്ത്. പിഴ തുക കുറക്കണമെന്ന് മഹാരാഷ്ട്രയും ഗോവയും ബീഹാറും ആവശ്യപ്പെടുന്നു. അതേസമയം, കര്‍ണ്ണാടക സര്‍ക്കാര്‍ ഉയര്‍ന്ന പിഴ തുകയില്‍ ഇളവ് നല്‍കി. ഗുജറാത്തിന് പിന്നാലെ ഉത്തരാഖണ്ഡും ഇന്നലെ പിഴ കുറച്ചിരുന്നു.
ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയില്‍ ഇളവ് വരുത്തുന്നത് പരിശോധിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നിര്‍ദ്ദേശം നല്‍കി. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പൊതുവികാരം കണക്കിലെടുത്ത് നാല് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്ന് ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവധിയും വ്യക്തമാക്കി. നിയമ ഭേദഗതി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സര്‍ക്കാരുകള്‍ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കാത്ത നിയമം കേരളത്തില്‍ തിടുക്കത്തില്‍ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുനപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം വരുന്നതുവരെ കൂട്ടിയ പിഴ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കുമെന്നും ഭേദഗതിക്കനുസരിച്ച് ഗതാഗത സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ കുറയ്ക്കില്ല. മൊബൈല്‍ ഉപയോഗിക്കുന്നതിനുള്ള പിഴയിലും കുറവുണ്ടാകില്ല. അടുത്ത തിങ്കളാഴ്ചയ്ക്കകം നിയമ ഭേദഗതി പ്രതീക്ഷിക്കുന്നു. അതുവരെ ബോധവത്കരണം തുടരുമെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.