X

സെല്‍ഫി ശല്യം മൂത്തു; ആലുവ പാലത്തിന് പൊലീസ് ‘കര്‍ട്ടനിട്ടു’

ആലുവ: അപകടം തൊട്ടടുത്ത് നില്‍ക്കുമ്പോഴും സെല്‍ഫിഭ്രമം മൂത്ത് ജനം. പെരിയാറിലൂടെ വെള്ളം ഒഴുകുന്നതിനൊപ്പം സെല്‍ഫിയെടുക്കുന്നത് തടഞ്ഞ് പോലീസ് രംഗത്ത്. ആലുവയില്‍ സെല്‍ഫിയെടുക്കാനെത്തിയവരെക്കൊണ്ട് പൊറുതി മുട്ടി ട്രാഫിക് പോലീസ് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് കര്‍ട്ടനിടുകയായിരുന്നു.

ജലനിരപ്പ് ഉയരുന്നത് കാണാന്‍ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ വാഹനങ്ങള്‍ നിറുത്തുന്നത് ഗതാഗത കുരുക്ക് വര്‍ദ്ധിക്കുന്നതിന് ഇടയാക്കി. നിറഞ്ഞൊഴുകുന്ന പുഴ കാണാനും ഫോട്ടോയെടുക്കാനുമൊക്കെ ആളുകളുടെ തിരക്കായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് പാലത്തിന്റെ തൂണുകളില്‍ തുണി ഉപയോഗിച്ച് പെരിയാറിലെ കാഴ്ച മറയ്ക്കുകയായിരുന്നു.

ദൃശ്യം കാണാന്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ പുഴയിലേക്ക് പോകുന്നത് അപകടത്തിന് കാരണമാകും എന്നതുകൊണ്ട് കൂടിയാണ് കര്‍ട്ടനിട്ടതെന്ന് എ.എസ്.ഐ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. അപകട സാധ്യത മുന്നില്‍ കണ്ട് രാവിലെ തന്നെ ആലുവ കൊട്ടാരക്കടവില്‍ നിന്നും മണപ്പുറത്തേക്കുള്ള നടപ്പാലം പൊലീസ് വടം ഉപയോഗിച്ച് അടച്ചു കെട്ടിയിരുന്നു.

chandrika: