ബംഗളൂരു: വാഹനാപകടത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് ട്രാഫിക്ക് പൊലീസിനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. മൈസൂരു റിംഗ് റോഡിലെ ചെക്ക് പോസ്റ്റിലായിരുന്നു സംഭവം. ട്രാഫിക്ക് ഉദ്യോഗസ്ഥര്‍ വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ രംഗത്തെത്തിയത്. യൂണിഫോമിലായിരുന്ന ട്രാഫിക്ക് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
തിങ്കളാഴ്ച്ച മൈസുരു റിംഗ് റോഡ് ചെക്ക് പോസ്റ്റിന് സമീപത്തായി നടന്ന ട്രാഫിക്ക് പരിശോധനയ്ക്കിടെയാണ് അപകടം നടന്നത്. വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് യാത്രികരായ ദേവരാജും സുരേഷും അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന ദേവരാജ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പൊലീസിനെ കയ്യേറ്റം ചെയ്തത്. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനവും നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. എന്നാല്‍ പൊലീസിനെ മറികടന്ന് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 304 എ പ്രകാരം കേസ് എടുത്തതായി അധികൃതര്‍ അറിയിച്ചു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഡ്യൂട്ടിയിലായിരുന്ന രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരെയും ഒരു കോണ്‍സ്റ്റബിളിനേയുമാണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്്തത്.