തൃശൂര്‍ പുതുക്കാട് പാളം തെറ്റിയ ട്രെയിന്‍ എഞ്ചിനും ബോഗികളും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയ ശേഷമാണ് പാളം ശരിയാക്കിയത്.ട്രയില്‍ റണ്‍ നടത്തിയ ശേഷമാണ് ആദ്യ ട്രെയിന്‍ കടത്തിവിട്ടത്.മലബാര്‍ എക്‌സ്പ്രാണ് ആദ്യം കടത്തിവിട്ടത്.ആദ്യ കുറച്ച് ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം കാണും.
ഇന്നലെയോടയാണ് തൃശൂര്‍ – എറണാകുളം റൂട്ടില്‍ തൃശൂര്‍ ജില്ലയിലെ പുതുക്കാട് ചരക്കുവണ്ടി പാളം തെറ്റിയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായോ പൂര്‍ണായോ റദ്ദാക്കിയതോടെ നിരവധി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിയിരുന്നു. വേണാട് എക്‌സ്പ്രസും എറണാകുളം – ഷൊര്‍ണൂര്‍ മെമുവും അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഈ ട്രെയിനുകളില്‍ സഞ്ചരിക്കേണ്ടിയിരുന്നവര്‍ ഇതോടെ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വന്നു. മറ്റു ചില ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടതോടെ ഇവയിലുണ്ടായിരുന്ന യാത്രക്കാരും പെരുവഴിയിലായി. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തിയത് ആശ്വാസമായെങ്കിലും രൂക്ഷമായ ഗതാഗത പ്രശ്‌നം രാത്രി വൈകും വരേയും തുടര്‍ന്നു.
ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്ത് ട്രെയിന്‍ പാളം തെറ്റിയത്. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. തീവണ്ടി മറിയാതിരുന്നത് ദുരന്തം ഒഴിവാക്കി. ഇവിടെ റെയില്‍വേ ട്രാക്കില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. അതേസമയം ട്രെയിന്‍ പാളം തെറ്റാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഈ ഭാഗത്ത് രണ്ടാംതവണയാണ് ട്രെയിന്‍ പാളം തെറ്റുന്നത്.