കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടാഴ്ച്ച മുമ്പ് ചിപ്പിലിത്തോട് മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ യാത്രാദുരിതം പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതിന് മുമ്പ് ഇതേ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെ വയനാട്ടില്‍ നിന്ന് താമരശ്ശേരി ചുരം വഴിയുള്ള യാത്ര വഴിമുട്ടി. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഒരേ സ്ഥലത്ത് തന്നെ മണ്ണിടിച്ചില്‍ തുടര്‍ക്കഥയാവുമ്പോള്‍ റോഡ് പൂര്‍ണ്ണമായും തകരുമെന്ന ആശങ്ക ശക്തമാണ്.
കാലവര്‍ഷത്തിന്റെ തുടക്കത്തിലെ ശക്തമായ മഴയിലാണ് ചുരത്തില്‍ ചിപ്പിലിത്തോടിനു സമീപനം മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം ദിവസങ്ങളോളം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു, ഗുരുതരാവസ്ഥയിലുള്ള രോഗികളും വിദേശത്തേക്ക് പോകുന്നവരും ഇതേ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടിരുന്നു. അടിയന്തിരമായി അയല്‍ ജില്ലകളിലേക്ക് എത്തേണ്ടവര്‍ക്ക് കിലോമീറ്ററുകള്‍ കുറ്റ്യാടി പാക്രന്തളം ചുരത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. വയനാടിന്റെ വഴിയടഞ്ഞതോടെ രൂപപ്പെട്ട ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും മണ്ണിടിഞ്ഞതിന്റെ മറുവശം മണ്ണെടുത്ത് ബദല്‍ യാത്രാ മാര്‍ഗ്ഗങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്കായി ഊരാളുങ്കല്‍ ലേബര്‍ കന്‍സ്ട്രക്ഷന്‍ സൊസൈറ്റിയെ ചുമതപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ മണ്ണെടുത്ത ഭാഗത്ത് റോഡ് ടാറിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഭിന്നത രൂക്ഷമായതോടെ മണ്ണെടുത്ത ഭാഗത്ത് പാറപ്പൊടി നിരത്തിയാണ് താല്‍ക്കാലിക സംവിധാനമൊരുക്കിയത്. ഇതേ തുടര്‍ന്ന് ചെറിയ തോതിലെങ്കിലും ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇതേ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. റോഡിലൂടെ വലിയ വാഹനങ്ങളടക്കം കടന്നു പോകുന്നത് ഇവിടെ വീണ്ടും മണ്ണിടിയാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. യാത്ര ദുരിതം അതിരൂക്ഷമായിട്ടും ഗവണ്മെന്റ് ഉണര്‍ന്ന് പ്രവത്തിക്കാത്തതാണ് ചുരുത്തിലെ ഗതാഗത പ്രതിസന്ധിക്ക് കാരണമെന്ന് വേണം കരുതാന്‍. യുദ്ധകാലാടിസ്ഥാനത്തില്‍ ചുരത്തിലെ ഗതാഗത തടസ്സം പരിഹരിച്ചില്ലെങ്കില്‍ വയനാടന്‍ ജനത ചുരത്തിന് മുകളില്‍ കുടുങ്ങിക്കിടക്കാന്‍ തന്നെയാണ് സാധ്യത.