X
    Categories: local

പാലം പൊളിച്ച് പണിയുന്നു; പെരിന്തല്‍മണ്ണ നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

നിലമ്പൂര്‍ സംസ്ഥാന പാതയില്‍ പെരിന്തല്‍മണ്ണ ചില്ലീസ് ജംക്ഷന്‍ മുതല്‍ ടൗണ്‍ സിഗ്‌നല്‍ ജംക്ഷന്‍ വരെ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ മുണ്ടത്തുപാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.

പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും നിലമ്പൂര്‍ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ പെരിന്തല്‍മണ്ണ സിഗ്‌നല്‍ ജംക്ഷനില്‍ നിന്ന് പാലക്കാട്- കോഴിക്കോട് ബൈപാസ് റോഡിലൂടെ ചില്ലീസ് ജംക്ഷനില്‍ എത്തി യാത്ര തുടരണം. നിലമ്പൂര്‍ ഭാഗത്തു നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ചില്ലീസ് ജംക്ഷനില്‍ നിന്നു തിരിഞ്ഞ് കോഴിക്കോട്- പാലക്കാട് ബൈപാസ് റോഡിലൂടെ പെരിന്തല്‍മണ്ണ സിഗ്‌നല്‍ ജംക്ഷനിലെത്തി യാത്ര തുടരണം. ചെറു വാഹനങ്ങള്‍ക്ക് മുണ്ടത്തു പാലത്തിന്റെ സമീപം പുതുതായി നിര്‍മിച്ച താല്‍ക്കാലിക റോഡിലൂടെ യാത്ര തുടരാവുന്നതാണ്. പാലത്തിന്റെ പുനര്‍ നിര്‍മാണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.

അതേസമയം, നേരത്തേ അടച്ചിട്ട ഘട്ടത്തില്‍ മുഴുവന്‍ പ്രവൃത്തിയും നടത്താന്‍ കെ.എസ്.ടി.പി നടപടിയെടുത്തില്ല. കുറഞ്ഞത് മൂന്നു മാസമാണ് പാലം പണി പൂര്‍ത്തിയാക്കി റോഡ് തുറക്കാനെടുക്കുക. പെരുന്നാള്‍ സീസണില്‍ വ്യാപാരസ്ഥാപനങ്ങളെ ഇത് ദോഷകരമായി ബാധിക്കും. പെരിന്തല്‍മണ്ണയിലേക്ക് വരുന്ന സ്വകാര്യ ബസുകളെയും ചെറുകിട വാഹനങ്ങളെയും ഇത് വലക്കും.

വാഹനങ്ങള്‍ ബൈപാസ് വഴിയോ പാലക്കാട് റോഡ് വഴിയോ കടന്നുപോകണം. മേലാറ്റൂര്‍ മുതല്‍ പുലാമന്തോള്‍ വരെ 30 കി.മീ ഭാഗം 18 മാസംകൊണ്ട് തീര്‍ക്കാനായിരുന്നു കരാര്‍. എന്നാല്‍, 30 മാസം പിന്നിടുമ്പോഴും 60 ശതമാനത്തില്‍ താഴെയേ പണി കഴിഞ്ഞിട്ടുള്ളൂ.

 

webdesk14: