X

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം നിലവില്‍ വന്നു

താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നിലവില്‍ വന്നു. കോഴിക്കോട് വയനാട് ജില്ലകളെയും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ കടന്നു പോകുന്ന താമരശ്ശേരി ചുരത്തില്‍ പൊതു അവധി ദിനങ്ങളില്‍ തിരക്കേറാനും പല ഇടങ്ങളിലും വീതികുറഞ്ഞതുമായ ചുരം റോഡില്‍ അപകടങ്ങളും ഗതാഗത കുരുക്കുകളും ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ജില്ലാ കലക്ടര്‍ എ ഗീത ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാനും യാത്രകള്‍ സുഗമമാക്കാനുമായി ദുരന്ത നിവാരണ നിയമം 2005 ലെ 26,30,34,71 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് കലക്ടര്‍ അറിയിച്ചു.

ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള മറ്റ് ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം അനുവദിക്കില്ല. തിങ്കളാഴ്ച്ചകളില്‍ രാവിലെ ആറ് മുതല്‍ ഒമ്പത് മണി വരെയും ചുരത്തില്‍ നിയന്ത്രണമുണ്ടാകും.

ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി വാഹന അറ്റകുറ്റപ്പണി വിദഗ്ധരെയും അടിയന്തിര ഉപകരണങ്ങളുടെ ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി എമര്‍ജന്‍സി സെന്റര്‍ സംവിധാനവും ഏര്‍പ്പെടുത്തും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചുരത്തില്‍ വാഹനങ്ങളെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസും പഞ്ചായത്തും ബന്ധപ്പെട്ട സ്ഥാപന ഉടമകളില്‍ നിന്നും പിഴ ഈടാക്കും.

 

webdesk11: