സര്‍ക്കാരിലെ മൂന്ന് പ്രധാന വകുപ്പുകളുടെ സ്ഥാപനങ്ങളില്‍ നടക്കുന്ന ശക്തമായ പ്രതിഷേധത്തില്‍ ഉലഞ്ഞ് ഇടതുമുന്നണി. ഘടകകക്ഷി മന്ത്രിമാര്‍ ഭരിക്കുന്ന കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലെ തൊഴിലാളി സമരങ്ങളാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കുന്നതാകട്ടെ സി.പി.എമ്മിന്റെ ട്രേഡ്‌യൂണിയനായ സി.ഐ.ടി.യു. ഇതോടെ എല്‍.ഡി.എഫ് കലുഷിതമായി. ഘടകകക്ഷി മന്ത്രിമാരുടെ പിടിവാശിക്കുമുന്നില്‍ കീഴടങ്ങാനില്ലെന്ന് സി.ഐ.ടി.യു നേതൃത്വം സി.പി.എമ്മിനെ അറിയിച്ചു.
ഘടകകക്ഷികളുടെ വകുപ്പുകളിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ കല്ലുകടിയായി സി.ഐ.ടി.യു യൂണിയന്റെ സമരം ശക്തിപ്പെടുകയാണ്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് വാട്ടര്‍ അതോറിറ്റിയില്‍ സി.ഐ.ടി.യു പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി വര്‍ഷമൊന്നായിട്ടും പരിഷ്‌കരണം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സംഘടന ആരോപിക്കുന്നത്. വാട്ടര്‍ അതോറിറ്റിയിലെ പുനസംഘടനെ ചൊല്ലിയും യൂണിയനും മാനേജ്‌മെന്റുമായി തര്‍ക്കമുണ്ട്.
കെ.എസ്.ഇ.ബിയിലെ സമരമാണ് ഏറ്റവും രൂക്ഷം. സി.ഐ.ടി.യു അനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷനാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോകിനെതിരെ പ്രത്യക്ഷ സമരം നടത്തുന്നത്. ഒരുമാസത്തിനിടെ രണ്ട് വട്ടമാണ് കെ.എസ്.ഇ.ബിയില്‍ സമരം നടക്കുന്നത്. ആദ്യഘട്ടത്തില്‍ ചര്‍ച്ചകളിലൂടെ പരിഹാരംകണ്ടെങ്കിലും രണ്ടാംഘട്ടത്തില്‍ സമരം രൂക്ഷമായി. സമരവേദിയില്‍ നിന്ന് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സി.ഐ.ടി.യു നിലപാട് വ്യക്തമാക്കിയത്. പണിയറിയില്ലെങ്കില്‍ മന്ത്രി പണി മതിയാക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടത്. പ്രശ്‌നം രൂക്ഷമായതോടെ ചര്‍ച്ചകള്‍ക്കായി സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എ.കെ ബാലനെ ചുമതലപ്പെടുത്തി. ബാലന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ബോര്‍ഡിലെ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന നിലപാടാണ് വൈദ്യുതി മന്ത്രിയെടുത്തത്.ഇതോടെ സമരം ശക്തമായി തുടരുകയാണ്. മുന്നണി നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായി നാളെ മന്ത്രി ജീവനക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
ആകെ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം സംബന്ധിച്ചാണ്. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷനാളില്‍ പോലും ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന് കഴിയാത്തതിനെ തുടര്‍ന്ന് എല്ലാ യൂണിയനുകളും സമരത്തിലാണ്. ഇതിനൊപ്പമാണ് മന്ത്രി ആന്റണി രാജു കോര്‍പറേഷന്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന തരത്തില്‍ നടത്തിയ പ്രസ്താവനയും. ഇതില്‍ യൂണിയനുകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ആനപ്പുറത്ത് കയറിയാല്‍ പട്ടിയെ പേടിക്കേണ്ട എന്ന നിലയിലാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്നാണ് സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ യുടെ വിമര്‍ശനം.