ഡല്‍ഹി: വിവാദ കൃഷി നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ കര്‍ഷകര്‍ക്ക് ഒടുവില്‍ പൊലീസിന്റെ അനുമതി. ഒരു ലക്ഷത്തിലേറെ ട്രാക്ടറുകള്‍ അണിനിരത്തുമെന്നാണു കര്‍ഷക പ്രഖ്യാപനം.
രാവിലെ റിപ്പബ്ലിക് ദിന പരേഡ് ഉള്ളതിനാല്‍, ഉച്ചയ്ക്കു രണ്ടിനു പരേഡ് തുടങ്ങാനാണ് അനുമതി. ഗാസിപ്പുര്‍, സിംഘു, തിക്രി, പല്‍വല്‍, ഷാജഹാന്‍പുര്‍ അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ നീക്കും. എവിടെ വരെ ട്രാക്ടറുകള്‍ അനുവദിക്കാമെന്ന കാര്യത്തില്‍ നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തി. പരേഡിന്റെ പാത മാറ്റണമെന്ന് ആവശ്യപ്പെട്ട പൊലീസ് മൂന്ന് സമാന്തര പാതകള്‍ നിര്‍ദേശിച്ചു.
ഏതായാലും തിരക്കേറിയ ഡല്‍ഹി ഔട്ടര്‍ റിങ് റോഡ് കടന്നു റാലി നഗരത്തില്‍ പ്രവേശിക്കുമെന്നു നേതാക്കള്‍ പറയുന്നു. റിപ്പബ്ലിക് ദിന പരേഡിനെയോ അതിന്റെ സുരക്ഷാ ക്രമീകരണങ്ങളെയോ ബാധിക്കില്ലെന്നും അറിയിച്ചു.
ഒരു ലക്ഷം ട്രാക്ടറുകളുടെ പകുതിയെത്തിയാല്‍ പോലും ഡല്‍ഹി സ്തംഭിക്കും. ഇത് എത്ര നേരം നീണ്ടുനില്‍ക്കുമെന്നതിലും അനിശ്ചിതത്വമുണ്ട്. പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നുമായി ഇന്നലെ 30,000 ട്രാക്ടറുകള്‍ പുറപ്പെട്ടതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.