ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന റോഡുകളില്‍ ഒരു ലക്ഷത്തിലധികം ട്രാക്ടറുകള്‍ ഇറങ്ങുമെന്ന് കര്‍ഷക സമര നേതാക്കള്‍ പറഞ്ഞു. 26 ന് ഉച്ച മുതല്‍ പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളില്‍ കര്‍ഷക സംഘടനകളായ സംയുക്ത കിസാന്‍ മോര്‍ച്ച , കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംയുക്തമായി ചേര്‍ന്ന് ‘ട്രാക്ടര്‍ മാര്‍ച്ച്’ നടത്തും. 2021ല്‍ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനിടെ സമാനമായ രീതിയില്‍ ട്രാക്ടര്‍ പരേഡ് നടന്നിരുന്നു.
പ്രതിഷേധിക്കുന്ന എല്ലാ കര്‍ഷക സംഘടനകളുമായും പ്രധാനമന്ത്രി ഉടന്‍ ചര്‍ച്ച നടത്തണം. ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും ദേശീയ കാര്‍ഷിക വിപണി നയം പിന്‍വലിക്കണമെന്നും സി 2 ഉപയോഗിച്ച് എംഎസ്പി ഉറപ്പാക്കുന്ന നിയമം ഉണ്ടാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കര്‍ഷക സമര നേതാക്കള്‍ അറിയിച്ചു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കടം എഴുതിത്തള്ളുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുക, വൈദ്യുതിയുടെ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക എന്നിവയാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങള്‍.