X
    Categories: indiaNews

കര്‍ഷകരുടെ ട്രാക്ടര്‍ റാലി; ഡല്‍ഹി പൊലീസിന് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി

ഡല്‍ഹി : കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്‌നങ്ങള്‍ നേരിടേണ്ടത് പൊലീസിന്റെ വിഷയമാണ്. എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്. ക്രമസമാധാന വിഷയം തീരുമാനിക്കേണ്ടത് കോടതി അല്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു.

അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇത് ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അതിനാല്‍ ഈ ആവശ്യത്തില്‍ ഉത്തരവിറക്കാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ ആര് പ്രവേശിക്കണമെന്നത് പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.

Test User: