തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഇടതുസര്‍ക്കാര്‍ നടത്തിയ കള്ളക്കളി പുറത്തായി.
ടി.പി വധക്കേസിലെ 11 പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമും ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന് ശിപാര്‍ശ ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച രേഖകളാണ് പുറത്തുവന്നത്. ടി.പി വധക്കേസിലെ രണ്ടാംപ്രതി കിര്‍മാണി മനോജ്, മൂന്നാംപ്രതി കൊടി സുനി, എട്ടാംപ്രതിയും സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.സി രാമചന്ദ്രന്‍, സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തന്‍, ആറാംപ്രതി അണ്ണന്‍ സിജിത്ത്, മറ്റ് പ്രതികളായ റഫീഖ്, രജീഷ്, ഷിനോജ്, അനൂപ്, ഷാഫി, മനോജ്കുമാര്‍ എന്നിവര്‍ പട്ടികയിലുണ്ട്.
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, ചെങ്ങന്നൂര്‍ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ പ്രതി ഓംപ്രകാശ്, കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍, സഹോദരന്‍ വിനോദ്, കണിച്ചുകുളങ്ങര കൊലപാതക കേസിലെ പ്രതികള്‍ എന്നിവര്‍ക്കും ഇളവ് അനുവദിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സര്‍ക്കാറിന് വേണ്ടപ്പെട്ടവരെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള പട്ടിക ജയില്‍ വകുപ്പ് തയാറാക്കിയത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തി ശിപാര്‍ശ പട്ടിക ഗവര്‍ണര്‍ തിരിച്ചയക്കുകയായിരുന്നു. കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയാണ് ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശം അനുസരിച്ച് ഇതില്‍ പലരെയും മോചിപ്പിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാടക കൊലയാളികള്‍, വയോധികരെ കൊലപ്പെടുത്തിയവര്‍, ബലാത്സംഗക്കേസ്, ലഹരി മരുന്ന് കേസ്, രാജ്യദ്രോഹം, വിദേശ തടവുകാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍, വര്‍ഗീയ കലാപങ്ങളില്‍ പ്രതികളായവര്‍ എന്നിവരെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ പാടില്ലന്ന ചട്ടം നഗ്നമായി ലംഘിച്ചാണ് ജയില്‍വകുപ്പ് ശിപാര്‍ശ തയാറാക്കിയത്.
ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കത്തെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പ് ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ വിവരാവകാശ നിയമം 2005ന്റെ 8 (1) വകുപ്പ് പ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്നായിരുന്നു മറുപടി.
ഇതിനിടെയാണ് ജയില്‍വകുപ്പില്‍ നിന്നുള്ള രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ജയില്‍ ആസ്ഥാനത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള രേഖകളില്‍ 1911 തടവുകാരുടെ പട്ടികയാണ് ജയില്‍ വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചതെന്നാണ് പറയുന്നത്.
ഇതില്‍ ചില വെട്ടിത്തിരുത്തലുകള്‍ വരുത്തി 1850 തടവുകാരുടെ അന്തിമ പട്ടികയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ മോചിപ്പിക്കാന്‍ വിചിത്രമായ വാദവും നിരത്തിയിട്ടുണ്ട്. കാപ്പാ നിയമം ചുമത്തിയാണ് നിഷാമിനെ ജയിലില്‍ അടച്ചത്. എന്നാല്‍, ഇളവിനുള്ള പട്ടിക സമര്‍പ്പിക്കുന്നവേളയില്‍ കാപ്പ ചുമത്തിയിരുന്നില്ലെന്നതാണ് വാദം. 65 വയസ് കഴിഞ്ഞവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ഇളവ് നല്‍കാനുള്ള ശിപാര്‍ശയില്‍ പറയുന്നത് കൊല്ലപ്പെട്ടയാള്‍ക്ക് 63 വയസേ ഉണ്ടായിരുന്നുള്ളൂവെന്നാണ്.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടി.പി വധക്കേസ് പ്രതികള്‍ അ പേ ക്ഷ നല്‍കിയിരുന്നു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് 14 വര്‍ഷത്തെ കാലാവധിക്ക് ശേഷം നല്ലനടപ്പ് പരിഗണിച്ച് ഒരുകൊല്ലം വരെ ശിക്ഷാ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കൊടുംകുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള നീക്കം ഇതാദ്യമായാണ്.
- 8 years ago
chandrika
Categories:
Video Stories