ഹൈദരാബാദ്: കാവല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കോടാങ്ങലിലെ സ്ഥാനാര്‍ത്ഥിയുമായ രേവന്ത് റെഡ്ഢിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ റെഡ്ഢിയുടെ വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറ്റിങ് എം.എല്‍.എ കൂടിയാണ് രേവന്ത് റെഡ്ഢി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് റെഡ്ഢിയെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ചന്ദ്രശേഖര്‍ റാവുവിന്റെ റാലി ബഹിഷ്‌കരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും റെഡ്ഢി അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
അറസ്‌ററിനെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
കോടാങ്ങല്‍ മണ്ഡലത്തിലെ റാലിക്ക് മുമ്പ് ജനങ്ങളോട് ചന്ദ്രശേഖര്‍ റാവു മാപ്പു പറയണമെന്ന ആവശ്യവും രേവന്ത് റെഡ്ഢി ഉന്നയിച്ചിരുന്നു. കോടാങ്ങല്‍ മേഖലയിലേക്കുള്ള ജലവിതരണം തടയുകയും സിമന്റ് ഫാക്ടറി ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയെന്നും ആദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര വര്‍ഷമായി കോടാങ്ങല്‍ അവികസിത പ്രദേശമായി തുടരുകയാണെന്നും റെഡ്ഢി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.