- നടപടി യൂത്ത് ലീഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരെ ഡി.ജി.പിക്ക് എട്ടോളം പരാതികള്‍
- അന്വേഷണ ചുമതല എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന് അന്വേഷണം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍
മതസ്പര്‍ധക്ക് കാരണമാകുംവിധം മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതികളില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. മുസ്‌ലിം യൂത്ത്‌ലീഗിന്റേത് ഉള്‍പ്പെടെ എട്ടോളം പരാതികളുടെ അടിസ്ഥാനത്തിലാണ് ഡി. ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിനാണ് അന്വേഷണ ചുമതല. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി നിയമോപദേശം തേടിയിരുന്നു. കേസെടുക്കാന്‍ സാഹചര്യമുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ പരിശോധിക്കാനാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രാഥമിക പരിശോധനക്ക് ശേഷം മാത്രമേ കേസെടുക്കൂവെന്നും പൊലീസ് വ്യക്തമാക്കി. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. രാജ്യവ്യാപകമായി മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിന് സംഘപരിവാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണോ സെന്‍കുമാറെന്നത് അന്വേഷിക്കണമെന്നും ഫിറോസ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന പ്രവര്‍ത്തികള്‍ ഒരാളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ 153 എ പ്രകാരം കേസെടുക്കാന്‍ കഴിയുമെന്നും ഇതിനുള്ള സാഹചര്യം ഈ കേസില്‍ കാണാന്‍ കഴിയുന്നതായുമായാണ് ഡി.ജി.പിക്ക് ലഭിച്ച നിയമോപദേശം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെതിരെ പ്രാഥമികമായി അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ആര്‍.എസ്.എസിന് അനുകൂലമായിട്ടും മുസ്‌ലിം സമൂഹത്തിനെതിരെയുമായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍. കേരളത്തില്‍ മുസ്‌ലിം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന നോക്കിയാല്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ആര്‍.എസ്.എസ് ഇന്ത്യക്ക് അകത്തുള്ള സംഘടനയാണ്.
ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ല. പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഐ.എസും ആര്‍.എസ്. എസും തമ്മില്‍ ഒരു താരതമ്യവുമില്ല.
ഒരു മുസ്‌ലിമിന് സ്വര്‍ഗത്തി ല്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലിംകളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അതേസമയം, തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത നല്‍കിയെന്നതിന്റെ പേരില്‍ തന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തിനെതിരെ സെന്‍കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.