X

വര്‍ഗീയ പരാമര്‍ശം; ടി.പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. സൈബര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാറിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് നിയമോപദേശം നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് സെന്‍കുമാര്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ ഡി.ജി.പി കേസെടുക്കാവുന്ന കുറ്റങ്ങളാണ് സെന്‍കുമാറിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാരികയുടെ പ്രസാധകനെയും സെന്‍കുമാറിനെയും പ്രതിചേര്‍ത്ത് കേസെടുക്കാമെന്നാണ് നിയമോപദേശം.

പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തലുള്ള പരാമര്‍ശം നടത്തി എന്നു ചൂണ്ടിക്കാണിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പികെ ഫിറോസ് അടക്കമുള്ളവര്‍ സര്‍ക്കാരിനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിയമോപദേശം തേടിയിരുന്നത്.

chandrika: