X

വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിനും പ്രസാധകര്‍ക്കുമെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

കോഴിക്കോട്: വര്‍ഗീയ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. ടിപി സെന്‍കുമാറിനും അഭിമുഖം പ്രസിദ്ധീകരിച്ച പ്രസാധകര്‍ക്കുമെതിരെ കേസെടുക്കാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഇരുവര്‍ക്കുമെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സമകാലിക മലയാളം വാരികയുടെ ഓണ്‍ലൈന്‍ എഡിഷന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡിജിപി പൊലീസ് ലീഗല്‍ അഡൈ്വസറോട് നിയമോപദേശം തേടുകയും ഇതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും ചെയ്തു. കേസെടുക്കുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് എഡിജിപി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153അ(ശ)(മ) വകുപ്പ് പ്രകാരം സെന്‍കുമറിനെതിരേയും പ്രസാധകര്‍ക്കെതിരേയും കേസെടുക്കാമെന്നാണ് ഡിജിപി മഞ്ചേരി ശ്രീധരന്‍നായര്‍ ഇന്ന് നിയമോപദേശം നല്‍കിയിരിക്കുന്നത്.

പരസ്യപ്പെടുത്തിയ അഭിമുഖം ആയത് കൊണ്ട് സെന്‍കുമാര്‍ പ്രസാധകര്‍ക്ക് അയച്ച നോട്ടീസിന് നിയമസാധുത ഇല്ലെന്നും, നോട്ടീസ് അയച്ചതോടെ കൂടി അഭിമുഖത്തില്‍ പറഞ്ഞ കാര്യം ക്രിമിനല്‍ കുറ്റമാണെന്ന് സമ്മതിക്കുകയാണെന്നും നിയമോപദേശത്തില്‍ പറയുന്നു. യൂത്ത് ലീഗ് നേതാവ് ഫിറോസിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ബാക്കിയുള്ള പരാതികള്‍ ഇതിന്റെ കൂട്ടത്തില്‍ അന്വേഷിക്കാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരെ ഉടനടി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചേക്കും. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസന്വേഷിക്കുക.

chandrika: