X
    Categories: CultureViews

ആര്‍.എസ്.എസ്സിനെ വെള്ളപൂശി മുസ്ലിംകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സെന്‍കുമാര്‍

ടി.പി സെന്‍കുമാര്‍

ആര്‍.എസ്.എസ്സ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് ആശങ്കയെന്നും സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഐ.എസ് ഭീകരരെയും ആര്‍.എസ്.എസ്സിനെയും ഒരേപോലെ കാണാന്‍ കഴിയില്ലെന്നും മുസ്ലിംകള്‍ ലൗ ജിഹാദ് പോലുള്ളവയില്‍ ഏര്‍പ്പെടാതിരിക്കണമെന്നും ‘സമകാലിക മലയാള’ത്തിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞു. മുസ്ലിംകളെക്കുറിച്ച് സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ഏറ്റുപറയുന്ന അഭിമുഖത്തില്‍ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പി.എസ് റംഷാദ് ആണ് അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്.

മത തീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആേേരാപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. മുസ്ലിം സമുദായത്തിലും നല്ല ആളുകളുണ്ട്. അവരെ ഉപയോഗിച്ചു വേണം മത തീവ്രവാദം നിയന്ത്രിക്കാന്‍. – സെന്‍ കുമാര്‍ പറയുന്നു.

മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്ലിം സമുദായം ചോദിക്കും ആര്‍.എസ്.എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്നം. ഐ.എസും ആര്‍.എസ്.എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. – സെന്‍കുമാര്‍ പറയുന്നു. എന്നാല്‍ ആര്‍.എസ്.എസ്സും ഐ.എസ്സും തമ്മില്‍ എ്ന്തുകൊണ്ട് താരതമ്യം ഇല്ല എന്ന കാര്യം സെന്‍കുമാര്‍ വിശദീകരിക്കുന്നില്ല.

പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളല്ല, അതേപ്പറ്റി മുസ്ലിംകള്‍ പ്രസംഗിക്കുന്നതാണ് കുഴപ്പമെന്നും സെന്‍കുമാര്‍ പറയുന്നു. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് താന്‍ ഈയിടെ കണ്ടുവെന്നും അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു.

കോടതി തന്നെ തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണവും പോലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ ഉന്നയിക്കുന്നുണ്ട്. ‘ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു.’ സെന്‍കുമാര്‍ ചോദിക്കുന്നു.

കേരളത്തില്‍ മുസ്ലിം ജനന സംഖ്യ വര്‍ധിക്കുന്നുവെന്നത് ആശങ്കാജനകമാണെന്നും സെന്‍കുമാര്‍ പറയുന്നു. ‘കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും.’ സെന്‍കുമാര്‍ ആശങ്കപ്പെടുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: