തിരുവനന്തപുരം: മുസ്‌ലിം സമുദായത്തിലും നല്ല ആളുകളുണ്ടെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മുസ്‌ലിം സമുദായത്തെക്കുറിച്ചുള്ള സെന്‍കുമാറിന്റെ പരാമര്‍ശം. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സെന്‍കുമാര്‍ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണെന്ന് സെന്‍കുമാര്‍ പറയുന്നു. ആ സമുദായത്തിന്റെ പിന്തുണ ഇല്ലെങ്കില്‍ ഒരു കാര്യവും നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാനെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍.എസ്.എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐ.എസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഉദ്ദേശിക്കുന്നത്. ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ടെന്നും സെന്‍കുമാര്‍ പറയുന്നു.
അഭിമുഖത്തിന്റെ ആദ്യഭാഗത്തായിരുന്നു ദിലീപിനെ ചോദ്യം ചെയ്ത എ.ഡി.ജി.പി സന്ധ്യയെ വിമര്‍ശിച്ചിരുന്നത്. സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍കാരണമെന്നും ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാന്‍ തെളിവ് ലഭിച്ചിരുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇത് വിവാദമായപ്പോള്‍ വിശദീകരണവുമായി കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്തെത്തി. വാരികയില്‍ വന്ന കാര്യങ്ങളില്‍ പലതും തെറ്റാണെന്നായിരുന്നു വിശദീകരണം.