ന്യൂഡല്‍ഹി: നിലവിലെ നടപടിക്രമം പരിഗണിച്ചാല്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും തല്‍സ്ഥാനത്തുനിന്നു മാറ്റേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. ഡിജിപി ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം. കൃത്യനിര്‍വഹണ വീഴ്ചയെ തുടര്‍ന്നാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു മാറ്റിയതെന്നായിരുന്നു കോടതിയില്‍ സര്‍ക്കാറിന്റെ വാദം.
ജിഷ കേസ്, പുറ്റിങ്ങല്‍ അപകടം എന്നിവയിലുണ്ടായ കൃത്യനിര്‍വഹണ വീഴ്ച ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നു മാറ്റാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാറിനെതിരായ സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്. നിലവിലെ നടപടിക്രമം പരിഗണിച്ചാല്‍ ഇപ്പോഴത്തെ പൊലീസ് മേധാവിയേയും മാറ്റേണ്ടിവരുമെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്ത തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്നായിരുന്നു കോടതിയുടെ പരിഹാസം. ജസ്റ്റിസ് മദന്‍.ബി. ലോക്കുറാണ് കേസ് പരിഗണിച്ചത്.
അതേസമയം, കേസില്‍ വാദം ചൊവ്വാഴ്ചയും തുടരും.