തിരുവനന്തപുരം: പിണറായി മുഖ്യമന്ത്രിയായ ശേഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് തോന്നും പടി. പ്രതികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരോൾ ലഭിച്ചതായാണ് രേഖ. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് ലഭിച്ചത് 257 ദിവസത്തെ പരോളാണ്. 135 ദിവസത്തെ സാധാരണ പരോളും 122 ദിവസത്തെ അടിയന്തര പരോളുമാണ് കുഞ്ഞനന്തന് നൽകിയത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞനന്തൻ.
മറ്റൊരു പ്രതിയായ കെ.സി. രാമചന്ദ്രന് -205. 185 ദിവസത്തെ സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളും. ആറാം പ്രതി സിജിത്തിനാണ് ഏറ്റവും കൂടുതൽ അടിയന്തര പരോൾ അനുവദിച്ചത്. 135 അടിയന്തര പരോളടക്കം 186 ദിവസം സിജിത്ത് പുറത്തുണ്ടായിരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
അനൂപ് -120, ഷിനോജ് -105, മുഹമ്മദ് ഷാഫി -135, കിർമാണി മനോജ് -120, റഫീക്ക് -125, ടി.കെ. രജീഷ് -90, സി. മനോജ് -117ഉം പരോളുകൾ ലഭിച്ചു. ഒന്നാം പ്രതി കൊടി സുനിയെന്ന സുനില്‍ കുമാറാണ് പരോളുകളിൽ പിന്നിൽ. -60 ദിവസം. കൊടി സുനിക്കും ഷിനോജിനും ടി.കെ. രജീഷിനും അടിയന്തര പരോൾ നൽകിയിട്ടില്ലെന്നും രേഖകൾ പറയുന്നു. കഴിഞ്ഞ ജൂണിൽ ചേർന്ന നിയമസഭ സമ്മേളനത്തിൽ ഐ.സി. ബാലകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് ഇന്നലെയാണ് മറുപടി നല്‍കിയത്.