കോഴിക്കോട്/വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കം വിവാദമാവുന്നു. എഴുപത് വയസ് തികഞ്ഞവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നമുളളവര്‍ക്കും നല്‍കുന്ന ആനുകൂല്യം അനുസരിച്ചാണ് കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ ശ്രമം നടക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് കണ്ണൂര്‍ എസ്.പി റിപ്പോര്‍ട്ട് തയാറാക്കാന്‍ കൊളവല്ലൂര്‍ എസ്.ഐക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മരണപ്പെട്ട ആളിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി കെ.കെ രമയുടെ മൊഴിയെടുത്തിരുന്നു. ഇളവ് അനുവദിക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് കെ.കെ രമ വ്യക്തമാക്കി.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13ാം പ്രതിയായ കുഞ്ഞനന്തന്‍ പാര്‍ട്ടി നടത്തുന്ന കൊലപാതകങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രമാണെന്ന്്് ടി.പി വധക്കേസിന്റെ സന്ദര്‍ഭത്തില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ ഒരു ശല്യമാണെന്നും അവനെ അവസാനിപ്പിക്കണമെന്നും കൊടിസുനി ഉള്‍പ്പെടെയുള്ള മറ്റു പ്രതികളോട് കുഞ്ഞനന്തന്‍ പറഞ്ഞിരുന്നു. കുറ്റകൃത്യം നടത്തിയവരുടെയും ആസൂത്രണം ചെയ്തവരുടെയും കണ്ണിയായി പ്രവര്‍ത്തിക്കുകയായിരുന്നു കുഞ്ഞനന്തന്‍.
ടി.പി കേസില്‍ കുറ്റകൃത്യം നടത്തിയവര്‍ ഒന്നൊന്നായി പിടിയിലായ ഘട്ടത്തില്‍ കുഞ്ഞനന്തന്‍ ഒളിവില്‍ പോവുകയായിരുന്നു. ബംഗളുരു, പൂന, ബല്‍ഗാം എന്നിവിടങ്ങളില്‍ മാറി മാറി സഞ്ചരിച്ചു. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. ഇതോടെ 2012 ജൂണില്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം കുഞ്ഞനന്തന് പലതവണ പരോള്‍ അനുവദിക്കുകയുണ്ടായി.
2017 നവംബര്‍ 10ന് കുന്നോത്ത്് പറമ്പ് ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ കുഞ്ഞനന്തന്‍ പങ്കെടുത്തത് വിവാദമായിരുന്നു. പൊതുവേദിയിലും പ്രകടനത്തിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായും മാനസികമായും തകര്‍ക്കുന്നതില്‍ വളരെക്കാലമായി പാനൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കുഞ്ഞനന്തന്‍. അക്രമം ആസൂത്രണം ചെയ്യുന്നതില്‍ വിദഗ്ധനാണ്. ടി.പി കേസിലെ പ്രതികള്‍ക്ക് കൃത്യത്തിനുശേഷം ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിലും കുഞ്ഞനന്തന് പങ്കുണ്ടായിരുന്നതായി വ്യക്തമായിരുന്നു.