X

നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമം മുജാഹിദുകള്‍ ഒറ്റക്കെട്ടായി തടയും

പെരിന്തല്‍മണ്ണ: മുസ്‌ലിം നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങള്‍ മുജാഹിദുകള്‍ ഒറ്റക്കെട്ടായി തടയുമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.എന്‍.എം സംസ്ഥാന പ്രവര്‍ത്തക സംഗമം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകന്മാരായ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവരുടെ ജീവിതവും ചരിത്രവും പുതുതലമുറ വീണ്ടും വായിക്കണം.

നവോത്ഥാന നായകര്‍ സമൂഹത്തില്‍ ജീവിച്ച് കാണിച്ച സൗഹൃദ പാഠങ്ങള്‍ വിസിമരിക്കരുത്. കേരളത്തിലെ അറബിക് കോളേജ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കരുതിയിരിക്കണം. നവോത്ഥാന പ്രസ്ഥാനങ്ങളെ വളഞ്ഞിട്ടു ആക്രമിക്കാന്‍ കൂട്ട് നില്‍ക്കുന്നവരെ തിരിച്ചറിയണം സാംസ്‌കാരിക രംഗത്തും മാധ്യമരംഗത്തുമുള്ളവരെ തെറ്റുദ്ധരിപ്പിച്ച് മുജാഹിദ് പ്രസ്ഥാനത്തിനെതിരെ വ്യാജ നിര്‍മിതികള്‍ നടത്തുന്നതിന് അപഹാസ്യമാണ്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദുകള്‍ കൂട്ടായ മുന്നേറ്റം നടത്തണം. മലപ്പുറം ജില്ലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ഏത് ശ്രമവും തടയേണ്ടതാണ്. സൗഹൃദത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും ഉന്നത പാഠങ്ങള്‍ നല്‍കിയ മലപ്പുറം മോഡല്‍ ആരെങ്കിലും അസ്വസ്ഥരപ്പെടുത്തുന്നുണ്ടെങ്കില്‍ അവരെയാണ് കരുതേണ്ടത്.

കൊടിഞ്ഞിയില്‍ ഫൈസല്‍വധം വിശ്വാസ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന്കയറ്റമാണ്. ഫൈസല്‍ വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം. മുഴുവന്‍ പ്രതികളെയും കാലതാമസം കൂടാതെ പിടികൂടണം. പ്രതികാരാഗ്നി ആളികത്തിക്കുന്നത് കരുതിയിരിക്കണം. ഫൈസല്‍ വധത്തിന് പേരില്‍ മുതലടുപ്പ് നടത്താനുള്ള വര്‍ഗീയ ശക്തികളുടെ ഏത് ശ്രമവും ചെറുത്ത് തോല്‍പ്പിക്കണം. ഇസ്‌ലാമിക ശരിഅത്തിനെതിരെയുള്ള കടന്ന് കയറ്റം മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം.

ഇസ്‌ലാമിക പ്രബോധന സ്വതന്ത്ര്യം ഭീഷണപ്പെടുത്തിയും ഭയപ്പെടുത്തിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മതനിരപക്ഷ രാജ്യത്തിന് ചേര്‍ന്നതല്ല. ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാനാവില്ല. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുന്നിടത്ത് വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. സംസ്ഥാന ശാഖാതലം മുതല്‍ സംസ്ഥാന തലംവരെയുള്ള കെ.എന്‍.എമ്മിന്റെയും പോഷക ഘടകങ്ങളുടെയും അയ്യായിരത്തോളം ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.

 
കെ.എന്‍.എം ജനറള്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി മൗലവി അദ്ധ്യക്ഷനായിരുന്നു. എം മുഹമ്മദ് മദനി, പി.കെ അഹമ്മദ്, എച്ച്.ഇ മുഹമ്മദ് ബാബുസേഠ്, എം അബ്ദുറഹ്മാന്‍ സലഫി,നൂര്‍ മുഹമ്മദ് നൂര്‍ഷ, പാലത്ത് അബ്ദുറഹ്മാന്‍ മദനി, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ സുല്‍ഫീക്കറലി, കെ നാസര്‍ സുല്ലമി, ജില്ലാ പ്രതിനിധികള്‍, എം.ജി.എം സംസ്ഥാന സെക്രട്ടറി ആയിഷക്കുട്ടി ടീച്ചര്‍, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി,സെക്രടടറി പി.കെ സക്കരിയ്യാ സ്വലാഹി, എം.എസ്.എം സംസ്ഥാന സെക്രട്ടറി സിറാജ് ചേലേമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

chandrika: