വര്‍ഗീയതയും മതവിശ്വാസവും കൂട്ടിക്കുഴക്കരുത്: യൂത്ത്ലീഗ്

 

കണ്ണൂര്‍: മനുഷ്യന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്ന വര്‍ഗീയതക്ക് മത വിശ്വാസവുമായി ബന്ധമില്ലെന്നും അവ തമ്മില്‍ കൂട്ടിക്കെട്ടരുതെന്നും മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുവാക്കളുടെ തൊഴിലും കൂലിയും സാമൂഹ്യ പുരോഗതിയും തടയുന്ന വര്‍ഗീയതക്കും അക്രമത്തിനും എതിരായ ബദല്‍ രാഷ്ട്രീയം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സൗഹാര്‍ദ്ദ പ്രതീകങ്ങളാണ്.
പല ക്ഷേത്രങ്ങളിലെയും ആചാരങ്ങള്‍ പോലും മത മൈത്രിയുടേതാണ്. മഞ്ചേശ്വരം മുതല്‍ നിരവധി ക്ഷേത്രങ്ങളില്‍ ലഭിച്ച വരവേല്‍പ്പ് സഹിഷ്ണുതയുടെ സന്ദേശം ഊട്ടിയുറപ്പിക്കുന്നതിന് ഊര്‍ജ്ജം പകരുന്നതാണ്. അവിശ്വാസികളും വര്‍ഗീയ വാദികളും മത കേന്ദ്രങ്ങളില്‍ ആധിപത്യത്തിന് ശ്രമിക്കുന്നത് അപകടകരമാണ്. രാഷ്ട്രീയ ലാഭത്തിനായി മതത്തെയും മതവിരുദ്ധതയെയും ദുരുപയോഗം ചെയ്യുന്നതാണ് ശബരിമലയിലെ സംഘര്‍ഷത്തിന് കാരണം. ഇത്തരം പ്രവണതകള്‍ക്ക് എതിരെ പ്രബുദ്ധ കേരളം പ്രതികരിക്കും.
ജനം കൊതിക്കുന്നത് പുരോഗതിയും സമാധാനവുമാണ്. രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത് കണ്ണൂരിലാണ്. മറ്റൊരു പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും അനുവദിക്കാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.
ജനം കൊതിക്കുന്നത് പുരോഗതിയും സമാധാനവുമാണ്. ജാതി, മത, വര്‍ഗ ഭേദമന്യെ യുവജന യാത്രക്ക് ലഭിക്കുന്ന സ്വീകാര്യത അതിന്റെ ഭാഗമാണ്. ജനദ്രോഹത്തില്‍ മത്സരിക്കുന്ന കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എതിരായ യുവജന മുന്നേറ്റം ലക്ഷ്യം കാണും വരെ മുന്നോട്ടു പോകുമെന്നും നേതാക്കള്‍ പറഞ്ഞു.

chandrika:
whatsapp
line