റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ടവർക്ക് മലപ്പുറത്തു നിന്നുള്ള വിനോദയാത്രാ സംഘം രക്ഷകരായി.
മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനാലംഗ സംഘം ഇടുക്കിയിലേക്ക് വിനോദയാത്ര പോയി മടങ്ങി വരവെ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഇടുക്കി തൊടുപുഴ റൂട്ടിൽ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയിൽ വിജനമായ സ്ഥലത്ത് എത്തിയപ്പോഴാണ് ഒരു ഓട്ടോ ഡ്രൈവർ ഇവരുടെ വാഹനം കൈ കാണിച്ച് കാർ കൊക്കയിലേക്ക് മറിഞ്ഞ വിവരം പറയുന്നത്.
അതു വഴി കടന്ന് പോയ പല വാഹനങ്ങളെയും വിവരം അറിയിച്ചെങ്കിലും ആരും നിർത്തിയില്ലെന്നും പറഞ്ഞു. സംഘം വാൻ നിർത്തി നോക്കിയപ്പോൾ
ഇരുവശവും കാടും കൊക്കയുമായ സ്ഥലത്ത് 20 അടിയോളം താഴ്ചയിൽ കാർ പാറയിൽ തങ്ങി നിൽക്കുന്ന നിലയിലായിരുന്നു. പോലീസിനെയോ ഫയർ സർവീസിനെയോ വിവരം അറിയിക്കാൻ നോക്കിയപ്പോൾ ആരുടെയും മൊബൈൽ ഫോൺ റൈഞ്ച് ഇല്ലാത്ത അവസ്ഥയിലും.
രണ്ടും കൽപ്പിച്ച് അവരെ രക്ഷപ്പെടുത്താൻ തീരുമാനിച്ച് സംഘത്തിലെ മൂന്ന് പേരുടെ ഉടുതുണി അഴിച്ച് കൂട്ടിക്കെട്ടി വടമാക്കി വി. യൂനുസ്, ടി.ഹാരിസ് എന്നിവർ സാഹസികമായി താഴെ ഇറങ്ങി മറ്റുള്ളവരുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി റോഡിലേക്ക് കയറ്റുകയായിരുന്നു.
രണ്ട് പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.
ഇവരെ മറ്റൊരു വാഹനത്തിൽ ഇടുക്കി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞയച്ച ശേഷം അൽപ്പം കൂടി മുന്നോട്ട് നീങ്ങി കുളമാവ് ഡാമിന് സമീപം ഉണ്ടായിരുന്ന സുരക്ഷാ ജോലിക്കാരനോട് വിവരം പറഞ്ഞ് ഫോൺ നമ്പറും നൽകിയ ശേഷമാണ് സംഘം യാത്ര തുടർന്നത്. അദ്ദേഹമാണ് പിന്നീട് പോലീസിനെ വിവരമറിയിച്ചത്.
കാറിലുണ്ടായിരുന്നവരുടെ വിലാസമോ മറ്റോ ഒന്നും ശേഖരിച്ചിരുന്നില്ല. നാട്ടിലെത്തിയ ശേഷം പരിക്കേറ്റവർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നതായി പോലീസിൽ നിന്ന് വിളിച്ച് അറിയിച്ച തായി സംഘത്തിലെ വി.യൂനുസ് പറഞ്ഞു.
കൂട്ടിലങ്ങാടി കീരം കുണ്ട് സ്വദേശികളായ വി.യൂനുസ്, ടി.ഹാരിസ്, കെ.മുസ്തഫ,സി.എച്ച്.ഇബ്രാഹീം, യു.ഹസ്സൻ, ടി.ഷബീബ്, പി.കെ.അഷ്‌റഫ്, എം.അയ്യൂബ്, കെ.ഷാജിമോൻ, എ.മുജീബ്, എം.അനീസ്, പി.അബ്ദുൽകരീം, പി.അൻവർ, സി.എച്ച്.റഷീദ് എന്നിവരാണ് വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്.