മുംബൈ: വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാല്‍ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു. ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജായിരുന്ന ഗണേധിവാലെയെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഹൈക്കോടതിയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ജഡ്ജിയുടെ രാജി.
അഡീഷല്‍ ജഡ്ജിയായ ഗണേധിവാലയെ സ്ഥിരപ്പെടുത്തുകയോ കാലാവധി നീട്ടി നല്‍കുകയോ ചെയ്യാത്തതിനാല്‍ തിരികെ ജില്ലാ കോടതിയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജി. ഇനി അഭിഭാഷകയായി പ്രവര്‍ത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 12 കാരിയെ പീഡിപ്പിച്ച 39കാരന്റെ അപ്പീല്‍ പരിഗണിച്ച പുഷ്പ ഗണേധിവാല വിവാദ ഉത്തരവ് ഇറക്കിയത്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ച കേസില്‍ അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്ന വിചിത്രമായ പരാമര്‍ശമാണ് കോടതി നടത്തിയത്. പോക്‌സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പപര്‍ശിക്കണമായിരുന്നു പരാമര്‍ശം.
ചര്‍മ്മത്തില്‍ പ്രതി നേരിട്ട് സ്പര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോക്‌സോ വകുപ്പ് ചുമത്താനാകില്ലെന്നുമായിരുന്നു ഗണേധിവാലയുടെ കണ്ടെത്തല്‍. പിന്നീട് അറ്റോര്‍ണി ജനറല്‍ വിഷയം സുപ്രീംകോടതിയ്ക്ക് മുന്നിലെത്തിക്കുകയും വിധി സ്റ്റേ ചെയ്യുകയുമായിരുന്നു.