X

സൗദിയില്‍ അടിമുടി മാറ്റവുമായി സല്‍മാന്‍ രാജകുമാരന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പണിയാന്‍ വത്തിക്കാനുമായി ധാരണ

 

സൗദി അറേബ്യയില്‍ സല്‍മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്റെ പരിഷാകരങ്ങള്‍ രാജ്യത്തെ അടിമുടി മാറ്റത്തിലൂടെയാണ് കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ചരിത്ര നീക്കത്തിന് സൗദി പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. സൗദിയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി ദേവാലയം പണിയുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാനുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം വത്തിക്കാനിലെ ഇന്റര്‍ റിലീജിയസ് ഡയലോഗിനായുള്ള കൗണ്‍സില്‍ പ്രതിനിധി ജീന്‍ ലൂയിസ് തൗറാന്‍ നടത്തിയ സൗദി സന്ദര്‍ശനത്തിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരുവിഭാഗങ്ങളും ഒപ്പുവച്ചതെന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

സൗദിയില്‍ ആദ്യമായിട്ടാണ് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ വരുന്നത്. ഗള്‍ഫിലും യു എ ഇയിലും മറ്റു മതസ്ഥര്‍ക്ക് ആരാധനാലയങ്ങളുണ്ടെങ്കിലും സൗദിയില്‍ ഇതുവരെയില്ല. പരസ്യമായി മറ്റു മതസ്ഥരുടെ പ്രാര്‍ഥനയും സൗദിയില്‍ നടക്കില്ല. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റം സംബന്ധിച്ച വാര്‍ത്ത വരുന്നത്. കര്‍ദിനാള്‍ തൗറാന്‍ കഴിഞ്ഞ മാസം സൗദി സന്ദര്‍ശിച്ചിരുന്നു. സൗദി രാജാവ് സല്‍മാന്‍, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, മുസ്ലിം പണ്ഡിതന്‍മാര്‍ എന്നിവരുമായി ഇദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് ദേവാലയ നിര്‍മാണത്തിന് അനുമതി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മറ്റു മുസ്ലിം രാജ്യങ്ങളേക്കാള്‍ ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായ രീതിയില്‍ നടപ്പാക്കുന്ന രാജ്യമായ സൗദിയുടെ ഈ തീരുമാനം ചരിത്രപരമായ ഒരു നീക്കത്തിനാണ് വഴി തുറക്കുക. സൗദി അറേബ്യയും വത്തിക്കാനും തമ്മില്‍ ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബന്ധം ദൃഢമാക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കാനാണ് ധാരണ. ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും ദേവാലയങ്ങള്‍ സ്ഥാപിക്കുക.

chandrika: