തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ആറു വര്‍ഷമായി ഫോക്‌ലോര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ക്ലാസെടുക്കുന്ന താല്‍ക്കാലികാധ്യാപകരുടെ യോഗ്യത ഇവര്‍ സി.പിഎമ്മിലെ സജീവ സാന്നിധ്യമാണെന്നതാണ്. ഫോക്‌ലോറില്‍ പി.ജിയും പി.എച്ച്.ഡിയുമെടുത്ത ഡോ.കെ.എം അരവിന്ദാക്ഷനെ ഇന്റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തേക്ക് മറിച്ചിട്ടത് ഇദ്ദേഹം സി.പിഎമ്മുകാരനല്ലാത്തതിനാലായിരുന്നു. ഇംഗ്ലീഷിലും ഭാഷാശാസ്ത്രത്തിലും കൂടി ഇദ്ദേഹം പി.ജിയെടുത്തിരുന്നു.
സര്‍വകലാശാല ഫോക്‌ലോറിലെ ആദ്യ ബാച്ച് വിദ്യാര്‍ഥി, നെറ്റ്, ജെ.ആര്‍.എഫ്, റാങ്ക്, അഞ്ചു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവയെല്ലാമുണ്ടായിട്ടും ഇദ്ദേഹത്തെ ആസൂത്രിതമായി തഴയുകയായിരുന്നു. ഒന്നാം റാങ്ക് നല്‍കി ആറുവര്‍ഷമായി അധ്യാപകനായി ജോലി ചെയ്തയാള്‍ വടകര തിരുവള്ളൂരിലെ സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഫോക്‌ലോറില്‍ പി.എച്ച്.ഡിയുള്ള അഞ്ചാം റാങ്കുകാരനാക്കിയ ഡോ.കെ.എം അരവിന്ദാക്ഷനേക്കാള്‍ ഇയാളുടെ യോഗ്യത സി.പി.എമ്മില്‍ ഇദ്ദേഹം ഗവേഷണം നടത്തി നേതാവായതായിരുന്നു. ഇപ്പോള്‍ ജോലിയില്‍ നിന്നു ഒഴിഞ്ഞു പോയ രണ്ടാം റാങ്കുകാരന്‍ എസ്.എഫ്.ഐക്കാരനും മുന്‍ സെനറ്റംഗവുമായിരുന്നു. മൂന്നാം റാങ്കുകാരി കണ്ണൂരിലെ പാര്‍ട്ടിക്കാരിയായ മലയാളം പി.ജിക്കാരിയായിരുന്നു. പ്രായപരിധി കഴിഞ്ഞയാളായിരുന്നു നാലാം റാങ്കുകാരന്‍. രണ്ടുപേര്‍ ഒഴിഞ്ഞു പോയപ്പോള്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കാതെ വടകരയിലെ പാര്‍ട്ടിക്കാരിയെ ഇന്റര്‍വ്യൂ നടത്തി നിയമിച്ചു.
ഫോക്‌ലോറില്‍ അധ്യാപക തസ്തികയിലെ നിയമനത്തിന് തങ്ങളെ പരിഗണിക്കണമെന്നും സ്ഥിരം തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് ഡോ.കെ.എം അരവിന്ദാക്ഷന്‍, ഡോ.കെ.പി സതീഷ്, കെ.വി ഹരിഹരന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു അഞ്ച് അധ്യാപക തസ്തിക സൃഷ്ടിച്ച് നാലുമാസത്തിനുള്ളില്‍ നിയമനം നടത്താന്‍ കോടതി ഉത്തരവിട്ടത്. നാക് സന്ദര്‍ശനം നടക്കാനിരിക്കുന്ന വേളയില്‍ യോഗ്യതയല്ല സര്‍വകലാശാലയിലെ അധ്യാപക നിയമനത്തിനുള്ള മാനദണ്ഡമെന്നും സി.പി.എമ്മിലെ അംഗത്വമാണെന്നതുമുള്ളത് സര്‍വകലാശാലയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്നതാണ്.