തോഷഖാന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 14 വർഷം വീതം തടവുശിക്ഷ. ഇസ്ലാമാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ, 787 ദശലക്ഷം രൂപ വീതം ഇരുവർക്കും പിഴയും കോടതി ചുമത്തി. അതോടൊപ്പം, പൊതുപദവി വഹിക്കുന്നതിൽ നിന്ന് ഇംറാന് 10 വർഷം വിലക്കും കോടതി ഏർപ്പെടുത്തി. പാകിസ്താനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ എട്ട് ദിവസം മാത്രം ശേഷിക്കെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഇമ്രാൻഖാൻ പ്രധാനമന്ത്രിയായിരുന്ന 2018–2022 കാലത്തു വിദേശത്ത്നിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാൻ രൂപ വിലവരുന്ന സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്കു സർക്കാർ ഖജനാവിൽ നിന്നും ലേലത്തിൽ വാങ്ങിയ ശേഷം മറിച്ചുവിറ്റുവെന്നതാണ് കേസ്. തോഷാഖാന എന്നാൽ ഖജനാവ് എന്നാണ് അർഥം. രഹസ്യസ്വഭാവമുളളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കിയ കേസിൽ ഇമ്രാൻഖാനെ ഇന്നലെ 10 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തോഷാഖാന കേസിൽ കോടതിവിധി വരുന്നത്.