കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് എട്ടിന്റെ പണി കിട്ടുമെന്നുറപ്പായി. പൊലീസും കോടതിയും വിജയ് ബാബുവിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയതോടെ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന ഇയാള്‍ ഇപ്പോള്‍തന്നെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്. ഇന്നലെ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ വിജയ് ബാബുനെതിരേ നടപടിയൊന്നുമുണ്ടായില്ലെങ്കിലും യോഗത്തിനു പിന്നാലെ അമ്മയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കുമെന്ന അറിയിപ്പാണ് നടന്‍ നല്‍കിയിട്ടുള്ളത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേനലധിക്ക് ശേഷമാക്കിയ ഹൈക്കോടതി നടപടിയും ഫലത്തില്‍ വിജയ് ബാബുവിന് തിരിച്ചടിയാണ്. ഹൈക്കോടതിയുടെ വേനലവധി കഴിയും വരെ ദുബൈയില്‍ തുടരാന്‍ നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കിലും വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അത് വലിയ പരീക്ഷണം തന്നെയാണ്; പ്രത്യേകിച്ച് വിജയ് ബാബുവിന് ഒളി സങ്കേതമൊരുക്കിയ ദുബൈ സ്ഥാപനവുമായി ബന്ധപ്പെട്ട നാട്ടിലെ കേന്ദ്രത്തിലേക്ക് അന്വേഷണം വ്യാപിച്ച സാഹചര്യത്തില്‍.മെയ് 18നാണ് അവധി കഴിഞ്ഞ് കോടതി തുറക്കുന്നത്. അതായത് മേയ് 18ന് ശേഷമേ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാ പേക്ഷ പരിഗണനയ്ക്ക് വരൂ. പ്രതിഭാഗം വാദവും പ്രോസിക്യൂഷന്‍ വാദവും പൂര്‍ത്തിയാക്കി ഉത്തരവ് മേയ് അവസാനത്തില്‍ മാത്രമേ ഉണ്ടാകൂ.
ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ പൊലീസ് ദുബായില്‍ പോയി കസ്റ്റഡിയില്‍ എടുക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരിക്കുന്നത്. വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പൊലീസ് നല്‍കിയിട്ടുണ്ട്. അതായത് വിദേശത്തുനിന്ന് രാജ്യത്തെ ഏതു വിമാനത്താവളത്തില്‍ എത്തിയാലും വിജയ് ബാബുവിനെ തടഞ്ഞുവെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കേരളാ പൊലീസിന് കൈമാറണം. സാഹചര്യം ഇതായിരിക്കെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാതിരിക്കുക എന്ന ഇളവും ഇയാള്‍ക്ക് ലഭിക്കില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അറസ്റ്റുണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് വിജയ് ബാബുവിന് നാട്ടിലേക്ക് വന്നാല്‍ തന്നെ എമിഗ്രേഷനില്‍ വെച്ച് തന്നെ പിടികൂടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിജയ് ബാബു മടങ്ങി വരുന്നതു വരെ കാത്തിരിക്കാമെന്ന പൊലീസിന്റെ നീക്കത്തിനു പിന്നിലും ഈ തന്ത്രമാണുള്ളത്.
ഈ കാലയളവില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണന്ക്ക് വരുമ്പോള്‍ നേരിടാമെന്ന കണക്കുകൂട്ടിലുംഅന്വേഷണസംഘത്തിനുണ്ട്.ഇതിനായി സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നിയമസംവിധാനത്തെപ്പോലും വെല്ലുവിളിച്ചതോടെ വിജയ് ബാബുവിനോട്് കോടതി ദയ കാണിക്കില്ലെന്നുള്ള കണക്കു കൂട്ടലും പൊലീസിനുണ്ട്. ഇതിനിടെ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.പീഡന പരാതിക്കുപിന്നാലെ കഴിഞ്ഞ ഇരുപത്തിനാലിനാണ് വിജയ് ബാബു ബെംഗളൂരു വഴി ദുബായിലേക്ക് കടന്നത്. ഇയാളുടെ എമിഗ്രേഷന്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.