ബിഹാറിലെ സ്‌കൂള്‍ രജിസ്റ്ററില്‍ കൂട്ടപ്പുറത്താക്കല്‍. ഒറ്റയടിക്ക് വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 3.32 ലക്ഷം വിദ്യാര്‍ത്ഥികളുടെ പേരാണ് വിദ്യാഭ്യാസ വകുപ്പ് രജിസ്റ്ററില്‍ നിന്ന് നീക്കിയത്. കാരണമില്ലാതെ തുടര്‍ച്ചയായി 15 ദിവസത്തില്‍ കൂടുതല്‍ അവധി എടുത്തതിനെതുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.
തുടര്‍ച്ചയായി സ്‌കൂളിലെത്താത്ത കുട്ടികളുടെ രക്ഷിതാക്കളോട് കാരണം ബോധിപ്പിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നേരത്തെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കുറേ രക്ഷിതാക്കള്‍ ഇത് പാലിച്ചെങ്കിലും 3.32 ലക്ഷം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സത്യവാങ്മൂലം ലഭിച്ചില്ലെന്നും ഇതേതുടര്‍ന്നാണ് പുറത്താക്കല്‍ നടപടിയെന്നുമാണ് വിശദീകരണം. അതേസമയം നടപടി അന്തിമമല്ലെന്നും കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ തന്ത്രമാണെന്നും സൂചനയുണ്ട്.