സല്‍വദോര്‍: ബ്രസീലിലെ സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ ചുവപ്പുകാര്‍ഡുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിട്ടോറിയ – ബഹിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് കളിക്കാരുടെ തമ്മിലടിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ആകെ ഒമ്പതു കളിക്കാര്‍ ചുവപ്പു കാര്‍ഡ് കാണുകയും ഹോം ടീം ആയ വിട്ടോറിയയുടെ ആളെണ്ണം ആറായി ചുരുങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് റഫറി കളി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫിഫ നിയമ പ്രകാരം ഒരു ടീമില്‍ കുറഞ്ഞത് ഏഴു പേരെങ്കിലും ഉണ്ടെങ്കിലേ കളി തുടരാന്‍ പാടുള്ളൂ.
മനോല്‍ ബറാദസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗ്രൗണ്ടിലുണ്ടായിരുന്ന വിട്ടോറിയ ടീമിന്റെ അഞ്ച് കളിക്കാര്‍ക്കും ബഹിയയുടെ രണ്ടു പേര്‍ക്കും റഫറി ചുവപ്പു കാര്‍ഡ് കാണിച്ചു. ബഹിയയുടെ സൈഡ് ബെഞ്ചിലിരുന്ന രണ്ടു പേര്‍ക്കും മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചു. മത്സരം 1-1 ല്‍ നില്‍ക്കവെയാണ്, വിട്ടോറിയയുടെ അഞ്ചാമനും ചുവപ്പു കാര്‍ഡ് കാണിച്ച് റഫറി കളി നിര്‍ത്തുന്നതായി പ്രഖ്യാപച്ചത്.
34-ാം മിനുട്ടില്‍ ഡെനില്‍സണ്‍ വിട്ടോറിയയെ മുന്നിലെത്തിച്ചിരുന്നു. രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനുട്ടില്‍ വിനിഷ്യസ് പെനാല്‍ട്ടിയിലൂടെ സമനില ഗോള്‍ നേടിയതോടെയാണ് അടി തുടങ്ങിയത്. ഗോളടിച്ച വിനിഷ്യസ് ഗോള്‍ പോസ്റ്റിനു സമീപം പ്രകോപനപരമായ രീതിയില്‍ ആഘോഷം നടത്തിയതിനെ തുടര്‍ന്ന് വിട്ടോറിയ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മിഗ്വേല്‍ ഇടപെട്ടു. ഇതോടെ, ഇരു ടീമുകളും തമ്മിലുള്ള കൂട്ടയടി തുടങ്ങി.
വിട്ടോറിയക്ക് മൂന്നും ബഹിയക്ക് രണ്ടും ചുവപ്പു കാര്‍ഡ് കാണിച്ച് റഫറി മത്സരം പുനരാരംഭിച്ചെങ്കിലും ആതിഥേയ താരം ഉല്ലിയന്‍ കൊറിയ ചുവപ്പു കാര്‍ഡ് കണ്ടു. ബ്രൂണോ ബിസ്‌പോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മടങ്ങിയതോടെ റഫറി കളി നിര്‍ത്തുകയായിരുന്നു. ഫിഫ നിയമ പ്രകാരം ബഹിയ 3-0 സ്‌കോറിന് ജയിച്ചു.