ദേശീയ,ക്ലബ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ സ്‌നൈപര്‍ താരം ടോണി ക്രൂസ്. ഇന്‍സ്റ്റഗ്രാം വഴിയാണ് 34 കാരന്‍ കളിമതിയാക്കുന്നതായി അറിയിച്ചത്. അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരിക്കും റയല്‍ മാഡ്രിഡിനൊപ്പമുള്ള അവസാന മാച്ച്. നേരത്തെ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിച്ച താരത്തെ പരിശീലകന്‍ ജൂലിയന്‍ നെഗ്ളസ്മാന്റെ താല്‍പര്യപ്രകാരം യൂറോ സംഘത്തിലേക്ക് മടക്കികൊണ്ടുവരികയായിരുന്നു.
അതേസമയം, റയല്‍ മാഡ്രിഡിനൊപ്പം വര്‍ഷങ്ങളായി തുടരുന്ന ക്രൂസ് ചാമ്പ്യന്‍സ് ലീഗടക്കം പ്രധാന കിരീടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി. മധ്യനിരയില്‍ മോഡ്രിച്-ക്രൂസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബിന്റെ കരുത്തായിരുന്നു. ലോക ഫുട്ബോളിലെതന്നെ ഏറ്റവും മികച്ച മധ്യനിരതാരമായാണ് ജര്‍മന്‍ താരത്തെ വിശേഷിപ്പിക്കുന്നത്.
വിരമിക്കല്‍ കുറിപ്പില്‍ വികാരഭരിതമായാണ് താരം പ്രതികരിച്ചത്. തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്ത റയലിനോടുള്ള നന്ദിയും കടപ്പാടും കുറിപ്പില്‍ വ്യക്തമാക്കി. റയല്‍ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്ബ്. കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കളി നിര്‍ത്തണമെന്നതാണ് ആഗ്രഹം. ഇതാണ് ശരിയായ സമയമെന്ന് കരുതുന്നു-ക്രൂസ് ഇന്‍സ്റ്റയില്‍ കുറിച്ചു. 2014ലാണ് താരം ബയേണ്‍ മ്യൂണികില്‍ നിന്ന് റയലിലേക്ക് ചുവട് മാറുന്നത്. റയലിനായി 305 മാച്ചില്‍ 22 ഗോളുകള്‍ സ്‌കോര്‍ ചെയ്തു.2010 മുതല്‍ ജര്‍മന്‍ സീനിയര്‍ ടീം അംഗമായ ക്രൂസ് 108 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. 17 ഗോളുകളും നേടി.