റിയാദ് : ലോക കപ്പ് പോരാട്ടത്തിലെ ചരിത്ര വിജയത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി നാളെ സഊദിയില്‍ അവധി. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ബുധനാഴ്ച്ച അവധി നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
ആവേശ തിമര്‍പ്പിലായ രാജ്യത്തിന്റെ അഭിമാന നേട്ടത്തില്‍ സഊദി ടീമിനെ പ്രശംസിച്ച് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സഊദി ടീമിന്റെ നിശ്ചയ ദാര്‍ഢ്യം തുവൈഖ് പര്‍വതം പോലെയാണ്. ആ മല ഇടിഞ്ഞു നിലം പൊത്തിയാലല്ലാതെ നമ്മുടെ ടീമിന്റെ നിശ്ചയദാര്‍ഢ്യം തകരില്ല. കിരീടാവകാശി സന്തോഷം പങ്ക് വെച്ചു. ഖത്തറിലേക്ക് യാത്ര തിരിക്കും മുമ്പേ കളിക്യാമ്പിലെത്തിയ കിരീടാവകാശിയുടെ ആശീര്‍വാദം സഊദി ടീമിന് നല്‍കിയ ആത്മവിശ്വാസം അനല്‍ പമായിരുന്നെന്ന് പ്രകടമാക്കുന്നതായിരുന്നു നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ സഊദിയുടെചലനങ്ങള്‍.
സമ്മര്‍ദ്ദമില്ലാതെ കളിക്കുക, അഭിമാനപോരാട്ടത്തില്‍ രാജ്യവും ലോകവും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ഭരണാധികാരിയുടെ വാക്കുകളെ ഹൃദയത്തിലാവാഹിച്ചു കൊണ്ട് പൊരുതിക്കളിച്ച ഹരിതപ്പട പുറത്തെടുത്തത് അവിസ്മരണീയ പോരാട്ടമായിരുന്നു.വികസനപാതയില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി മുന്നേറുന്ന രാജ്യത്തിനും ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഏറെ അഭിമാനകരമായിരുന്നു ലോക ഫുട്ബാള്‍ കുലപതികളെ മുട്ടുകുത്തിച്ച ഈ വിജയം. ഖത്തറിലെത്തുന്നത് ഉല്ലാസ യാത്രക്കല്ലെന്നും അഭിമാന പോരാട്ടത്തിനാണെന്നും സഊദി കോച്ച് ഹെര്‍വ് റെനോയുടെ പ്രഖ്യാപനവും ടീമിന് ആവേശം പകര്‍ന്നു.
മരുഭൂമിയിലെ കാല്‍പന്ത് കളിയുടെ പോരാളികളുടെ പന്തടക്കവും മാന്ത്രിക നീക്കങ്ങള്‍ക്കും മുമ്പില്‍ മെസ്സിയും ടീമും പതറി പഴിക്കുന്ന കാഴ്ച്ചകള്‍ കണ്ട് സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും തെരുവോരങ്ങളും ആരവങ്ങളും ആര്‍പ്പുവിളികളും കൊണ്ട് മുഖരിതമായിരുന്നു . ലോകകപ്പിലെ സഊദിയുടെ ആദ്യ കളി കാണാന്‍ ഇന്നലെ ഉച്ച മുതല്‍ രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഭരണകൂടം അവധി നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളി കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത് . കൂറ്റന്‍ സ്‌ക്രീനുകളില്‍ കളികള്‍ കാണാന്‍ പലേടത്തും ആയിരങ്ങള്‍ ഒത്തുകൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ സഊദി പതാകയുമായി വിജയാഹ്ലാദ പ്രകടനം നടത്തി അന്നം തരുന്ന രാജ്യത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്ക് വെച്ചു. പലേടങ്ങളില്‍ മധുര പലഹാര വിതരണവും പായസ വിതരണവും നടന്നു. വിജയാഘോഷത്തിന്റെ ഭാഗമായി റിയാദ് സീസണ്‍ ആഘോഷ നഗരികളില്‍ ഇന്നലെ സൗജന്യ പ്രവേശനം നല്‍കി. ബോള്‍വാഡ് സിറ്റിയിലും ബോള്‍വാഡ് വേള്‍ഡിലുമാണ് പൊതുജനങ്ങള്‍ക്ക് വിജയാഘോഷത്തിന്റെ ഭാഗമായി സൗജന്യ പ്രവേശനം നല്‍കിയത്.
സഊദി കോച്ച് ഹെര്‍വ് റെനോയുടെ കിടിലന്‍ തന്ത്രങ്ങളും ഗോളി മുഹമ്മദ് അല്‍ ഒവൈസ് അവിസ്മരണീയ സേവുകളും കരുത്തരായ അര്‍ജന്റീനയെ തളക്കാനും തോല്‍പ്പിക്കാനും സഊദി ടീമിനെ തുണച്ചു . സഊദി പ്രതിരോധനിര മൈതാന മധ്യത്തേക്ക് കയറി കളിച്ചപ്പോള്‍ പന്തുമായി കുതിച്ചെത്തിയ അര്‍ജന്റീനയുടെ പല കളിക്കാരും ഓഫ് സൈഡ് ഭീഷണിയില്‍ കുടുങ്ങി. 23 മിനിറ്റില്‍ മെസ്സിയും 27, 34 മിനിറ്റുകളില്‍ ലൗതരോ മാര്‍ട്ടിനെസും സഊദി വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിസില്‍ മുഴങ്ങിയത് ഈ തന്ത്രത്തിന്റെ വിജയമായിരുന്നു. പാശ്ചാത്യ ടീമുകളില്‍ കാണാറുള്ള മിന്നല്‍ പിണര്‍ പോലുള്ള നീക്കങ്ങളും പന്തടക്കവും സഊദി ടീമിനിടയില്‍ കണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ അമ്പരക്കുന്ന കാഴ്ച്ചയാണ് കാണാനായത്.