റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ നാളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരം സി.എച്ച് സെന്റര്‍ ദിനമായി ആചരിക്കുകയാണ്. ആ തുരാലയങ്ങള്‍ കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ആദ്യമായി രൂപംകൊണ്ട കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച്.സെന്ററിന് വേണ്ടിയുള്ള കാംപയിന്‍ നാളെ വ്യാപകമായി നടത്തും. ആതുര സേവന രംഗത്ത് നിറസാന്നിധ്യവും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയുമായ സി.എച്ച് സെന്റര്‍ സേവനയാത്രയില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ചെറിയ വാടകമുറിയില്‍ 2001 സപ്തംബര്‍ 6 ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇതിന് തുടക്കമിട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന നിരാലംബരായ രോഗികളെ സഹായിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് ഈ കാലയളവില്‍ സി.എച്ച് സെന്റര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്.
വൃക്കരോഗികളെ സഹായിക്കുന്നതിന് 2010ല്‍ ആരംഭിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ സൗജന്യ കമ്യൂണിറ്റി ഡയാലിസിസ് സെന്ററും സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നാമഥേയത്തില്‍ നിരാലംബരായ കിടപ്പ് രോഗികളെ സഹായിക്കുന്നതിന് തുടക്കമിട്ട പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് സെന്ററും ഈ പട്ടികയിലെ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകളാണ്. പരിശുദ്ധ റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ മാര്‍ച്ച് 31ന് നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മുസ്‌ലിംലീഗ്, പോഷക സംഘടനാ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ഇത്തവണ ഫണ്ട് സ്വരൂപിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എം.എ.റസാക്ക് മാസ്റ്റര്‍, എം.വി.സിദ്ധീക്ക് മാസ്റ്റര്‍, കെ.പി. കോയ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പള്ളികള്‍ കേന്ദ്രീകരിച്ചും വീടുകളിലും, കവലകളിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും ഓണ്‍ലൈനായും ധനസമാഹരണം നടത്തും.