X

ബാബരി; മതേതര ധ്വംസനത്തിന്റെ ദു:ഖ ദിനം

ജാസിം ചുള്ളിമാനൂര്‍

നിയമത്തിന്റെ വഴിയില്‍ വിധിയെഴുതിക്കഴിഞ്ഞെങ്കിലും ബാബരി ധ്വംസനം ഇന്നും മതേതര ഇന്ത്യയ്ക്ക് നേരിട്ട കനത്ത മുറിവു തന്നെയാണ്. 2019 നവംബര്‍ ഒമ്പതിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോ ഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധിപ്രകാരം 2.7 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിര്‍മ്മിക്കാന്‍ അയോധ്യയിലെ ബാബരി മസ്ജി ദിന് പകരം ധന്നിപ്പൂര്‍ വില്ലേജില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കുമെന്നുമായിരുന്നു ഉത്തരവ്.

വിധിയിലെ ന്യായാന്യായങ്ങള്‍ ഉത്തരവ് പുറപ്പെടുവിച്ച കാലത്ത് ഇന്ത്യയിലൊട്ടാകെ ഏറെ ചര്‍ച്ച ചെയ്യുകയുണ്ടായി. മുസ്ലിം സമു ദായത്തെ സംബന്ധിച്ചിടത്തോളം അത്ര തൃപ്തികരമായ വിധിയല്ലാതിരുന്നിട്ടു പോലും വിവിധ മത-രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സമചിത്തയോടെ സമീപിക്കാന്‍ മുന്‍കയ്യെടുത്തത് ഏറെ കൗതുകത്തോടെയാണ് ഇതര ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കണ്ടത്. ഒരു കലാപകാരിക്ക് തക്കം പാര്‍ത്തിരിക്കാന്‍ ലഭിച്ച അവസരമായിരുന്നു മഞ്ഞുപോലെ അലിഞ്ഞുപോയത്. വിധി മറ്റൊരു രീതിയിലായിരുന്നെങ്കില്‍ ഇന്ത്യ നേരിടേണ്ടി വരുമായിരുന്ന മറുവശത്തെക്കുറിച്ചും ആരുംചിന്തിക്കാതിരുന്നില്ല.

സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങള്‍ വിളക്കണിഞ്ഞ നമ്മുടെ നാട്ടില്‍ ഒരോ പൗരനും മതം സ്വീകരിക്കാനും നിരാകരിക്കാനും പ്രചരിപ്പിക്കാനുമൊക്കെ അവകാശത്തോടൊപ്പം സ്വാതന്ത്ര്യവുമുണ്ട്.എന്നാല്‍ ഒരു മതത്തിന്റെ അടയാളങ്ങളെ തകര്‍ത്ത് മറ്റൊരു മതത്തിന്റെ ശിലാസ്ഥാപനം നടത്തുമ്പോള്‍ അവിടെ ഉയരുന്നത് ഇന്ത്യയുടെ വിധ്വംസ ചാലകങ്ങളാണ്. നോക്കുകുത്തിയാകുന്നത് ഭരണകൂട മൂല്യങ്ങളുടെയും ഭാരതീയ സംസ്‌കാരത്തിന്റെയും തനതു പാരമ്പര്യങ്ങളും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്കിടയില്‍ എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കേണ്ടത് സാഹോദര്യവും സഹവര്‍ത്തിത്വവുമാണ്. അതിന് ചുക്കാന്‍ പിടിക്കേണ്ടത് രാജ്യത്തെ ഭരണകൂടങ്ങളും. എന്നാല്‍ ബാബരി വിധിയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍നിന്നും കണ്ടത് അപ്രതീക്ഷിത സമീപനമായിരുന്നു. നല്ലപാഠങ്ങളുമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു പകരം അദ്ദേഹം തിടുക്കം കൂട്ടിയത് രാമക്ഷേത്രത്തി ന്റെ ശിലാപൂജ നിര്‍വ്വഹിക്കാനായിരുന്നു. ഭരണഘടനാസങ്കല്പം അനുസരിച്ചാണെങ്കില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എല്ലാ മതങ്ങളോടും സമദൂരം പാലിക്കുകയാണ് ചെയ്യേണ്ടത്. പ്രസ്തുത വിഷയത്തില്‍ രാജ്യത്തിന് കാണേണ്ടി വന്നത് പ്രധാനമന്ത്രിയുടെ മറ്റൊരു മുഖവും.താനൊരു ഹിന്ദു എന്നതിനപ്പുറം ഹിന്ദുരാഷ്ട്രത്തിന്റെ ശിലാസ്ഥാപകന്‍ ആകാനുള്ള വ്യഗ്രതയാണ് കാട്ടുന്നതെന്ന് പറഞ്ഞാല്‍ ഒരു മതേതര വിശ്വാസിക്ക് തിരുത്താന്‍ ഏത് ഉദ്ധരണിയാണ് തിരയേണ്ടി വരിക?

ഭരണപക്ഷത്തിന്റെ സമീപനത്തില്‍ നിന്നും ഏറെ വിഭിന്നമായിരുന്നില്ല ചില പ്രതിപക്ഷ ചേരികളുടെ ഇടപെടലും. ന്യൂനപക്ഷത്തിനൊപ്പം സമാശ്വാസത്തിന്റെ വാക്കുകള്‍ ചൊരിയുന്നതിന് പകരം അത്തര ക്കാര്‍ വ്യാകുലപ്പെട്ടത് ശിലാപൂജയ്ക്ക് ക്ഷണം കിട്ടാത്തതിന്റെ പേരിലായിരുന്നു. അവരെഴുതിപ്പഠിച്ച രാഷ്ട്രീയമീമാംസകള്‍ ഒരു വേള പുറത്തുചാടിയതാവാം. അല്ലെങ്കിലും എണ്‍പത്തിയഞ്ച് ശതമാനത്തോളം വരുന്ന ബഹുഭൂരിപക്ഷ സമൂഹത്തെ പ്രീണിപ്പിച്ചാലല്ലേ അടുത്ത നറുക്കെടുപ്പിനെങ്കിലും ലോട്ടറിയടിക്കുകയുള്ളു’ എന്നുനിനച്ചിട്ടുണ്ടാവും. പതിനഞ്ച് ശതമാനം മാത്രം വരുന്ന ഒരു സമുദായത്തിന്റെ ആശിര്‍വാദം കൊണ്ട് സീറ്റു കിട്ടുമെന്ന് സ്വപ്നം കാണുന്നതേ ഹിമാലയ മൗഢ്യമല്ലേ..! തുമ്മിയാല്‍ തെറിക്കുന്ന മൂക്കിനു പകരം മുള്ളിയാല്‍ ഒലിച്ചു പോകുമെന്ന് പരാമര്‍ശിക്കപ്പെട്ട ആശയത്തോടാവും അവരുടെ കടപ്പാടുകളത്രയും. ഒന്നു ചുരമാന്തിയാല്‍ പുറത്തുചാടാവുന്നതേയുള്ളു ആശയങ്ങളും ആദര്‍ശങ്ങളും.

വാസ്തവത്തില്‍ മത വകഭേദങ്ങള്‍ മറികടന്ന് ചിന്തിക്കുന്ന ഏത് വിശ്വാസിക്കും സ്വീകാര്യമാകുന്ന തത്വം, ഭൂരിപക്ഷത്തിനോടും ന്യൂനപക്ഷത്തിനോടും തുല്യനിലയില്‍ സഹവര്‍ത്തിക്കുന്ന രാഷ്ട്രീയ ചിന്തയാണ്. മറ്റുള്ള ചിന്തകള്‍ കേവലം ഹ്രസ്വലാഭങ്ങള്‍ നല്‍കുമെങ്കിലും ദീര്‍ഘകാലം ഈടോടെ നിലനില്‍ക്കുന്നത് മതേതരചിന്ത തന്നെയാവും. അഥവാ പക്ഷപാതമില്ലാത്ത ആശയങ്ങള്‍.

Test User: