X

നിന്നെ വാഴ്ത്തിടാം

രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണേ എന്ന പ്രാര്‍ഥനാഗാനം എഴുതിയ ടോമിന്‍ ജെ തച്ചങ്കരിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍. സി.പി.എം നേതൃത്വത്തിലെ ചിലരുമായി തച്ചങ്കരിക്കുള്ള ബന്ധം നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാവണമല്ലോ അവസരം കിട്ടുമ്പോഴെല്ലാം തച്ചങ്കരിയെ പ്രഹരിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ ശ്രദ്ധിക്കാറുമുണ്ട്. എട്ട് ഉന്നത ഉപദേശകരും ഇരട്ടച്ചങ്കുമുള്ള പിണറായി വിജയന്റെ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടം ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ അസംതൃപ്തിയാണ്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് രാജു നാരായണ സ്വാമിയെയും ബിജു പ്രഭാകറിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത് കഴിഞ്ഞ മന്ത്രിസഭാ യോഗമാണ്. പൊലീസ് മേധാവിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇനി വഷളാകാനില്ല. കഴിവു കെട്ടവനെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശേഷിപ്പിച്ച ടി.പി സെന്‍കുമാറാണിപ്പോള്‍ സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഡി.ജി.പി കസേരയിലിരിക്കുന്നത്. പൊലീസ് മേധാവിയായി നിയമിക്കണമെന്ന കോടതി വിധിയില്‍ വ്യക്തതക്കായി പോയ സര്‍ക്കാറിന് പിഴ ചുമത്തി നാണം കെടുത്തി വിട്ടിട്ടും തോറ്റ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇ.എം.എസിന്റെ വിശദീകരണം പോലെ എന്തൊക്കെയോ പിണറായി പറഞ്ഞു. സര്‍ക്കാറിന്റെ മുഴുവന്‍ വാദങ്ങളും തള്ളിയ ശേഷം വിധി എങ്ങനെ നടപ്പാക്കണമെന്ന് അറിയാമെന്ന് കൂട്ടിച്ചേര്‍ത്താണ് കാല്‍ ലക്ഷം രൂപ പിഴ വിധിച്ചത്.

വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ പേരില്‍ മുഖ്യമന്ത്രി വല്ലാതെ വിയര്‍ത്തു. ജേക്കബ് തോമസിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രിക്ക് ഒരാഴ്ച കഴിയും മുമ്പെ ജേക്കബ് തോമസിനെ വീട്ടിലേക്ക് അവധിക്ക് അയക്കേണ്ടിവന്നു. ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേല്‍ കേസുകള്‍ ഉണ്ടാക്കുന്നതിലായിരുന്നു വിജിലന്‍സ് ഡയരക്ടറുടെ താല്‍പര്യം. അതാകട്ടെ മുഴുവന്‍ സിവില്‍ സര്‍വീസുകാരെയും സര്‍ക്കാറിന്റെ ശത്രുക്കളാക്കി. കോടതി വഴക്കിലൂടെ കസേരയിലെത്തിയ സെന്‍കുമാറിനെ ഭരിക്കാന്‍ വിടില്ലെന്ന തീരുമാനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലുള്ള തച്ചങ്കരി. സെന്‍കുമാറിന്റെ ഉത്തരവുകളാകട്ടെ നടപ്പാകുകയുമില്ല. കാരണം സര്‍ക്കാറിന്റെ പിന്തുണ തച്ചങ്കരിക്കാണ്.
1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരി വിവാദങ്ങളില്‍ നീന്തിത്തുടിക്കുന്നയാളാണ്. ഇക്കാലയളവിനുള്ളില്‍ മൂന്നു സസ്‌പെന്‍ഷന്‍ വാങ്ങിയെങ്കിലും പുഷ്പം പോലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ അദ്ദേഹം എത്തി. പിന്തുണക്കാന്‍ മുന്നണി വ്യത്യാസമെന്യേ ആളുണ്ടായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ തച്ചങ്കരിക്കെതിരെ കേസുണ്ടായി. സസ്‌പെന്‍ഷനുണ്ടായി. അനുമതി വാങ്ങാതെ വിദേശ രാജ്യങ്ങളില്‍ പോയതിനും അന്വേഷണത്തെ നേരിടേണ്ടിവന്നു. ഗള്‍ഫില്‍ ഭീകര പട്ടികയിലുള്ള ആളെ കണ്ടെന്ന പരാതിയുമുയര്‍ന്നു. അത് കേന്ദ്രം അന്വേഷിച്ചപ്പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്താനായില്ല. അതേസമയം ചട്ടലംഘനങ്ങളില്‍ ചിലത് തച്ചങ്കരി നടത്തിയതായി കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വിദേശ യാത്ര കഴിഞ്ഞു മടങ്ങവേ തച്ചങ്കരിയുടെ അംഗരക്ഷകനായ ഉദ്യോഗസ്ഥനെ കൊച്ചി വിമാനത്താവളത്തില്‍ പിടിച്ചുവെച്ചു. ഒരു ഇലക്‌ട്രോണിക് ഉപകരണം കടത്താന്‍ ശ്രമിച്ചതിനായിരുന്നു തടഞ്ഞുവെച്ചത്. ഈ ഉപകരണം സി.പി.എം ചാനലിന് വേണ്ടിയായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മാര്‍ക്കറ്റ് ഫെഡില്‍ തച്ചങ്കരിയെ നിയമിച്ചതിന്റെ ഫലം വൈകാതെ ബോധ്യപ്പെട്ടു. നൂറു കോടി രൂപയുടെ അഴിമതിയെ പറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയാണ് ഈ ‘സത്യസന്ധന്‍’ ചെയ്തത്. തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി സഹകരണ മന്ത്രിയും ആഭ്യന്തര മന്ത്രി തന്നെയും രംഗത്തുവന്നിട്ടും ഉമ്മന്‍ചാണ്ടി കുലുങ്ങിയിരുന്നില്ല. പക്ഷെ ഒടുവില്‍ നടപ്പാക്കേണ്ടിവന്നു. അന്ന് അഴിമതിക്കെതിരെ നിലകൊണ്ടതിന് പുറത്താക്കപ്പെട്ടതിന്റെ വിശുദ്ധ പ്രതിഛായയുമായാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തെത്തിയത്. അങ്ങനെയിരിക്കെ ഇടതുപക്ഷം അധികാരത്തിലെത്തിയത് തച്ചങ്കരിക്ക് കരുത്തു പകരുകയാണുണ്ടായത്. ഒരുവിധം എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി പ്രതിഷ്ഠിച്ചപ്പോള്‍ ഈ ഇടയ ഗായകനെ മാത്രം വെറുതെ വിട്ടു.
ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന വിളംബരം പുറപ്പെടുവിച്ചത് നിരത്തില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ നിരന്തരം വീണു മരിക്കുന്നത് കണ്ട് മനം നൊന്താണ്. അതൊന്നും ആരും വക വെച്ചില്ല. 29.07.0964ന് ജനിച്ച ഇദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലുടനീളം ജന്മദിനാഘോഷം സംഘടിപ്പിച്ചു. ജന്മദിനാഘോഷം സംഘടിപ്പിച്ചതിനും പഴി ഏറെ കേള്‍ക്കേണ്ടിവന്ന ലോകത്തിലെ ആദ്യത്തെ ആളാവും ടോമിന്‍ ജെ തച്ചങ്കരി. ഐ.എ.എസുകാരായാലും രാജ്ഭവനിലെ ഉദ്യോഗസ്ഥരായാലും ബീക്കണ്‍ ലൈറ്റ് വെക്കരുതെന്നും നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാണെന്നും തച്ചങ്കരി വിധിച്ചു. നേരത്തെ ചീഫ് സെക്രട്ടറിക്കെതിരെ കത്തെഴുതിയ തച്ചങ്കരി വനിതാ ഐ.പി.എസുകാരി ആര്‍. ശ്രീലേഖയെ വേട്ടയാടുകയാണെന്ന ആക്ഷേപം ഉന്നയിച്ചത് ശ്രീലേഖ തന്നെയായിരുന്നു. 29 വര്‍ഷമായി തന്നെ നിരന്തരം പിന്തുടര്‍ന്ന് ബുദ്ധിമുട്ടിക്കുകയായിരുന്നെന്ന് ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇത് സാധാരണക്കാരുടെ കാര്യത്തിലാണെങ്കില്‍ സ്വയമ്പന്‍ കേസിന് വകയായേനെ. വാഴ്ത്തുകയല്ലാതെ വയ്യെന്ന വ്യക്തിത്വം.

chandrika: