കറാച്ചി: പാകിസ്താനില്‍ തക്കാളി വില കുതിച്ചുയരുന്നു. കറാച്ചി, ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ഈ ആഴ്ച തക്കാളി കിലോയ്ക്ക് 200 രൂപയാണ്.
തക്കാളിക്ക് പുറമെ സവാള, ഗോതമ്പ് എന്നിവയുടെ വിലയും യഥാക്രമം കിലോയ്ക്ക് 80 രൂപ, 60 രൂപ എന്നിങ്ങനെ ഉയര്‍ന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള തക്കാളി, സവാള എന്നിവയുടെ ഇറക്കുമതി പാകിസ്താന്‍ നിരോധിച്ചിരുന്നു. ഇതാണ് വിലകയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയെയാണ് പഴിക്കുന്നത്.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ പാകിസ്താനെ ഉള്‍പെടുത്താന്‍ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് പാക് വാര്‍ത്താപ്രക്ഷേപണ മന്ത്രി ഷിബ്ലി ഫറാസിന്റെ ആരോപണം. ആഗോള വേദിയില്‍ പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ ആരോപണം.
2019 ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ പാകിസ്താനിലേക്ക് തക്കാളി കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവച്ചിരുന്നു. ഇതും പാകിസ്താനില്‍ കടുത്ത തക്കാളി പ്രതിസന്ധിക്കും വില കുത്തനെ ഉയര്‍ന്നതിനും കാരണമായെന്ന് വിലയിരുത്തലുണ്ട്.