X

പിണക്കം വേഗം തീര്‍ക്കണം: ടോം ജോസഫ്

മുഹമ്മദ് ജാസ് കെ

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളില്‍ മൗനം തുടരുന്ന കായിക വകുപ്പിനെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്‍ ദേശീയ വോളിബോള്‍ താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് രഗത്തെത്തിയിരുന്നു.
നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പുറമെ ദുബൈയില്‍ നടന്ന റാഷിദ് മെമോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ ഇന്ത്യന്‍ ടീമിനെ നയിച്ചതും ടോം ജോസഫായിരുന്നു. രണ്ട് ഏഷ്യന്‍ ഗെയ്‌സിലും നാല് ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണവും നേടിയിട്ടുണ്ട്.

വോളിബോളിനും വേണം
ഇന്ന് സമ്മര്‍ കോച്ചിങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികളുടെ എണ്ണം എടുത്താല്‍ തന്നെ കേരളത്തില്‍ വോളിബോളിനുള്ള സ്വീകാര്യത വ്യക്തമാകും.സംസ്ഥാന തലത്തില്‍ കളിച്ച കളിക്കാരന് പോലും പല ഡിപ്പാര്‍ട്ടമെന്റുകളിലായി ജോലി ഉറപ്പാണ്. എന്നാല്‍ തല്‍ക്കാലിക ജോലി അല്ലാതെ പിന്നിട് ഒരു ഉയര്‍ച്ചയോ, കഴിവുകളെ നിലനിര്‍ത്താനും പ്രദര്‍ശിപ്പിക്കാനുമുള്ള അവസരങ്ങളോ കേരളത്തില്‍ ലഭിക്കുന്നില്ല. ഫുട്‌ബോളില്‍ ഐഎസ്എല്‍ ആയാലും ക്രിക്കറ്റില്‍ ഐപിഎല്‍ ആയാലും കഴിവുകളെ പ്രദര്‍ശിപ്പിക്കാനും സാമ്പത്തിക ഉയര്‍ച്ച കൈവരിക്കാനുമുളള അവസരമാണ്. ഇതുപോലെ ഒരു പ്രൊഫഷണല്‍ ടൂര്‍ണമെന്റ് വോളിബോളിനും കേരളത്തില്‍ അവശ്യമാണ്. കുട്ടികള്‍ക്ക് കളിക്കാനും കഴിവുകളെ പ്രദര്‍ശിപ്പിക്കാനുമുള്ള അവസരം ഈ ടൂര്‍ണമെന്റുകളിലൂടെ തുറക്കും.

പ്രോത്സാഹനം ആവശ്യമാണ്
കോഴിക്കോട് നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്മാരായി. എന്നാല്‍ ആ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ടീമിനെ വിജയത്തിലെത്തിച്ച കുട്ടികളെല്ലാം അന്ന് രാത്രി തന്നെ ട്രെയ്ന്‍ കയറി വീട്ടിലേക്ക് പോവുകയല്ലാതെ അവര്‍ക്ക് ഒരു പാരിതോഷികമോ സ്വീകരണങ്ങളോ നല്‍ക്കാന്‍ ആരും തയ്യാറായിട്ടില്ല. പ്രോത്സാഹനമാണ് ഓരോ കളിക്കാരനും ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദനം. ഇപ്പോള്‍ തന്നെ പല കുട്ടികളും ജോലി കിട്ടിയാല്‍ കളി നിര്‍ത്താം എന്ന് മനോഭാവത്തിലേക്ക് എത്തി ചേരുന്നതും ഈ പ്രോത്സാഹനത്തിന്റെ കുറവാണ്

പിണക്കം വേഗം തീര്‍ക്കണം
സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി എന്നാണ് കേള്‍ക്കാന്‍ സാധിച്ചത്. ഇത്മൂലം ഗുരുതരമായ പ്രശ്‌നമാണ് വളര്‍ന്ന് വരുന്ന ഓരോ കുട്ടിയും അഭിമുഖീകരിക്കേണ്ടി വരിക. ഈ പിണക്കം വേഗം തീര്‍ക്കേണ്ടതുണ്ട്. പിണക്കം തുടരുകയാണെങ്കില്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഗ്രേസ്മാര്‍ക്കുകള്‍ നഷ്ടമാകും. അത് വഴി വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് പ്രയോജനമില്ലാതെയാവും. അങ്ങിനെ വരികയാണെങ്കില്‍ കേരളത്തിന്റെ വോളിബോള്‍ നാശത്തിലേക്ക് കൂപ്പുകുത്തും എന്നത് ഉറപ്പാണ്.

തലപ്പത്ത് വരേണ്ടത് കളിയെ സ്‌നേഹിക്കുന്നവര്‍
കൗണ്‍സിലിന്റെ നിയമ പ്രകാരം നിശ്ചിതകാലത്തിന് ശേഷം ഭരണതലപ്പത്ത് നിന്ന് മാറി നില്‍ക്കണം. ഒരു വോളിബോള്‍ കളിക്കാരന്‍ തന്നെ ഭരണതലപ്പത്ത് വരണമെന്ന് ഞാന്‍ വാശിപിടിക്കുന്നില്ല. കളിയെ അറിയുന്ന കളിയെ സ്‌നേഹിക്കുന്നവര്‍ തലപ്പത്ത് വരട്ടെ. അവര്‍ക്കാണ് കളിയെകുറിച്ചും കളിക്കാരനെ കുറിച്ചും കൃത്യമായി മനസ്സിലാക്കാനും അവര്‍ക്ക് വേണ്ട്ത് ചെയ്ത് നല്‍ക്കാനും സധിക്കുക. എന്നാല്‍ മാത്രമെ കേരളത്തില്‍ വോളിബോളിന് രക്ഷയൊള്ളൂ.

കുട്ടികള്‍ക്ക് ഒരു ഉപദേശം
എന്ത് പ്രശ്‌നങ്ങളുണ്ടായാലും അതൊന്നും വകവെക്കാതെ സ്വന്തം സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പൊരുതണം. കഠിനാധ്വാനവും അര്‍പണബോധവും ഉണ്ടെങ്കില്‍ അത്യുന്നതങ്ങളിലെത്താം. അതിന്റെ ഉദാഹരണമാണ് ഞാന്‍. ഞാന്‍ ഒരു ഉയര്‍ന്ന സാമ്പത്തിക നിലയില്‍ നിന്ന് വന്നവനല്ല എന്നിട്ടും എനിക്ക് ഇത്രത്തോളം എത്തിപിടിക്കാമെങ്കില്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഇതിലും ഉന്നതങ്ങളില്‍ എത്താം.

chandrika: