അബുദാബി: അബുദാബിയിലെ റോഡുകളില്‍ നടപ്പാക്കുന്ന ടോള്‍ സംവിധാനം തിരക്കേറിയ സമയങ്ങളില്‍ മാത്രമായിരിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോ ര്‍ട്ട് വ്യക്തമാക്കി. വിവിധ റോഡുകളിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഗതാഗത വിഭാഗം അണ്ടര്‍ സെക്രട്ടറി ഖലീഫ മുഹമ്മദ് അല്‍ മസ്‌റൂഈ പറഞ്ഞു.
അബുദാബിയിലെ ചില റോഡുകളില്‍ ടോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ഗതാഗത വിഭാഗം അറിയിച്ചിരുന്നു. ലോകത്തിലെ പ്രമുഖ നഗരങ്ങളില്‍ ടോള്‍ പിരിവ് നടക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ, ഇത് പുതുമയുള്ളതല്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, അബുദാബിയില്‍ ടോള്‍ ടാഗ് ഇല്ലാതെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുന്നതാണ്. എന്നു മുതല്‍, ഏത് റോഡുകളില്‍ ടോള്‍ ഉണ്ടായിരിക്കുമെന്നതിനെ കുറിച്ച് ഇതു വരെ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല.
ഗതാഗത കുരുക്ക് പരമാവധി ഇല്ലാതാക്കാനായി പൊതുഗതാഗത സംവിധാനം വ്യാപകമാക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 2008ല്‍ 120 ബസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, 2018 ആയപ്പോള്‍ ബസുകളുടെ എണ്ണം 546 ആയി ഉയര്‍ന്നതായി ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ റാഷിദ് അല്‍ ഖംസി വ്യക്തമാക്കി. ടാക്‌സി കാറുകളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് 904 ടാക്‌സികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2017ല്‍ 6,698 ആയി എണ്ണം ഉയര്‍ന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30,000 റെസിഡന്‍സ് പാര്‍ക്കിംഗുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, 3500 വില്ലാ പാര്‍ക്കിംഗുകളും അനുവദിച്ചിട്ടുണ്ട്. അബുദാബിയില്‍ കൂടുതല്‍ പുതിയ പാര്‍ക്കിംഗുകള്‍ നടപ്പാക്കി വരികയാണ്.