ജൂലൈ 23ന് ആരംഭിച്ച് 17 ദിവസം നീണ്ടു നിന്ന ടോക്യോ ഒളിമ്പിക്‌സിന് തിരശീല വീണു, ഇനി 2024ല്‍ പാരിസില്‍ കാണാം എന്ന ഉറപ്പോടെ. കോവിഡ് മഹാമാരിയെ മറികടന്ന് ഒളിമ്പിക്‌സ് വമ്പന്‍ വിജയമാക്കിയതിന്റെ സന്തോഷത്തിലാണ് സംഘാടകരും ആതിഥേയരും മത്സരാര്‍ഥികളുമെല്ലാം.
സമാപന ചടങ്ങിലെ താരങ്ങളുടെ പരേഡില്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്രംഗ് പൂനിയ ഇന്ത്യന്‍ പതാക വഹിച്ചു. മത്സരം പൂര്‍ത്തിയാക്കി 48 മണിക്കൂറിനകം മടങ്ങണമെന്നതിനാല്‍ പ്രമുഖ താരങ്ങളില്‍ പലരും ചടങ്ങിനില്ല.
39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമായി ആകെ 113 മെഡലോടെ അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി. 38 സ്വര്‍ണം, 32 വെള്ളി, 18 വെങ്കലവും സഹിതം 88 മെഡലുകളോടെ ചൈന രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ ജപ്പാനാണ് മൂന്നാമത്, 27 സ്വര്‍ണം, 14 വെള്ളി, 17 വെങ്കലം, ആകെ 58 മെഡലുകള്‍.
ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ഏഴ് മെഡലുകള്‍ ലഭിച്ച ഒളിമ്പിക്‌സാണ് ടോക്യോയില്‍ നടന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അത്‌ലറ്റിക്കില്‍ ആദ്യമായി ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും നേടി ഇന്ത്യ 48ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ആകെ 86 രാജ്യങ്ങളാണ് ടോക്യോയില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്.
കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ എന്ന ഒളിംപിക്‌സ് ആപ്തവാക്യത്തിലേക്ക് ഒരുമിച്ച് എന്ന വാക്ക് കൂടി എഴുതിചേര്‍ത്താണ് ടോക്കിയോ ഒളിംപിക്‌സിന് തിരശീല വീണത്.